ആനപ്പാറ: ചെമ്പ്ര വനമേഖലയിലെ ആണ്‍കടുവ ആനപ്പാറയിലെ അടക്കം ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് വനംവകുപ്പിന് തലവേദനയാകുന്നു. ആണ്‍കടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതിനാലാണ് നാലംഗ കടുവ കുടുംബം ആനപ്പാറയില്‍ നിന്ന് ഇടക്കിടെ നീങ്ങുന്നതെന്നാണു വിലയിരുത്തല്‍. ആണ്‍കടുവ ഇടയ്ക്കിടെ എത്തുന്നത് കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷന് ‘റോയല്‍ സ്ട്രൈപ്സ് ദൗത്യത്തെയും ബാധിക്കുന്നുണ്ട്. ആണ്‍കടുവയും മറ്റു കടുവകളും നേരില്‍ക്കണ്ടാല്‍ അക്രമാസക്തരാകുമെന്ന ആശങ്കയുമുണ്ട്.
വ്യാഴാഴ്ച്ച രാത്രി ആനപ്പാറയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള ഓടത്തോട്, പെരുന്തട്ട മേഖലകളില്‍ ആണ്‍കടുവ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 5.30-ഓടെ ഓടത്തോട് പുതിയപാടിക്ക് സമീപത്തായി ആണ്‍കടുവയെ കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍, പരിശോധന നടത്തിയെങ്കിലും കാല്പാടുകള് കണ്ടെത്താനായില്ല. അതേസമയം, ആണ്‍കടുവ ചെമ്പ്ര വനമേഖലയിലേക്ക് തിരികെ മടങ്ങിയെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ, കടുവക്കുടുംബത്തെ നിരീക്ഷിക്കാനായി വനംവകുപ്പ് ആനപ്പാറയിലെ വിവിധ ഇടങ്ങളിലായി 23 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറകളും സ്ഥാപിച്ചു.
കടുവക്കുടുംബം ആനപ്പാറയ്ക്ക് 2 കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയുണ്ടെന്നാണ് വനംവകുപ്പിന്റെ സ്ഥിരീകരണം. കടുവക്കുടുംബത്തിന്റെ നീക്കം മനസ്സിലാക്കാനായി വനംവകുപ്പ് ഡ്രോണ്‍ പരിശോധനയും നടത്തുന്നുണ്ട്. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമന്, ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അരുണ്‍ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ. അജേഷ് മോഹന്‍ദാസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഡി.ഹരിലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
മേപ്പാടി, കൽപ്പറ്റ എന്നിവിടങ്ങളില്‍ നിന്നുള്ള ദ്രുതകര്‍മ സേനാംഗങ്ങളും ആനപ്പാറയില്‍ സര്വസജ്ജജരായിട്ടുണ്ട്. കഴിഞ്ഞ 20നാണ് ആനപ്പാറയെ ആശങ്കയിലാക്കി മൂന്ന് കുട്ടിക്കടുവകളും അമ്മക്കടുവയുമെത്തിയത്. കഴിഞ്ഞ 21ന് രാവിലെ ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു. പിന്നാലെ, പശുക്കളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.