തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കും: കെ. മുരളീധരന്‍

മാനന്തവാടി: കേരളത്തില്‍ നിന്നു ബിജെപിക്ക് എംപിയെ നല്‍കാന്‍ തൃശൂര്‍പ്പൂരം കലക്കിയ സിപിഎമ്മിന് ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ ചുട്ട മറുപടി നല്‍കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. മുരളീധരന്‍. ഒണ്ടയങ്ങാടിയില്‍ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും സിപിഎമ്മും നടത്തുന്ന നാടകങ്ങള്‍ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിക്കുവേണ്ടി തൃശൂര്‍പ്പൂരം കലക്കിയതാണെന്ന് ജനങ്ങള്‍ക്ക് അറിയാം.

പൂരം കലക്കലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലാതായി. ഗുണ്ടകള്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണകൂടത്തിന്റെ ഇടപെടല്‍മൂലം പോലീസ് നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ്. കേരളത്തില്‍ എല്‍ ഡി എഫ് ഭരണമല്ല, എല്ലാ അധോലോക വിഭാഗങ്ങളെയും സഹായിക്കുന്ന പിണറായി ഭരണമാണുള്ളത്.

ഇന്ത്യയില്‍ വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടത്തിന് കോണ്‍ഗ്രസാണ് നേതൃത്വം നല്‍കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സിജോ ജോസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി.കെ. ജയലക്ഷ്മി, ചാപ്പേരി മൊയ്തു ഹാജി, എടക്കല്‍ മോഹനന്‍, സുനില്‍ മാടപ്പള്ളി, അസീസ് കോറോം, കടവത്ത് മുഹമ്മദ്, പടയന്‍ മുഹമ്മദ്, എന്‍.കെ. വര്‍ഗീസ്, സി.കെ. രത്‌നവല്ലി, പി. ചന്ദ്രന്‍, എം. വേണുഗോപാല്‍, എ.എം. നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *