ഉപതെരഞ്ഞെടുപ്പ് അറിയിപ്പുകൾ

ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റെന്നാളും (നവംബര്‍ 12, 13) തിയതികളില്‍ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാനന്തവാടി സെന്റ് പാട്രിക് സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.

ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്തെ വോട്ടര്‍മാര്‍ക്ക് വാഹന സൗകര്യം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് ദിവസം ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് താത്ക്കാലികമായി പുനരസിപ്പിച്ചവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ സൗജന്യ വാഹനം സൗകര്യം സജ്ജമാക്കുന്നു. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന 167, 168, 169 ബൂത്തുകളിലേക്കാണ് ബസ് സൗകര്യം ക്രമീകരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി 04 വയനാട് എച്ച് പി.സി – ഉപതെരഞ്ഞെടുപ്പ് 2024, ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക.

മുട്ടില്‍-തൃക്കൈപ്പറ്റ-മാണ്ടാട്-മൂപ്പൈനാട് -മേപ്പാടി വഴി ബൂത്തുകളിലേക്കും മീനങ്ങാടി- മുട്ടില്‍ – കല്‍പ്പറ്റ- മേപ്പാടി വഴി ബൂത്തുകളിലേക്കും പനമരം – കണിയാമ്പറ്റ – പള്ളിക്കുന്ന് – പൊഴുതന – വെങ്ങപ്പള്ളി – വൈത്തിരി വഴി ബൂത്തുകളിലേക്കും സുല്‍ത്താന്‍ ബത്തേരി – കോളിയാടി – മാടക്കര – ചുള്ളിയോട് – അമ്പലവയല്‍ – തോമാട്ടുചാല്‍- വടുവന്‍ചാല്‍ -മേപ്പാടി വഴി ബൂത്തുകളിലേക്കുമാണ് വോട്ട് വണ്ടി സര്‍വീസ് നടത്തുക. ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും. പ്രധാന കേന്ദ്രങ്ങളില്‍ നിന്നും 8, 11, 2 എന്നീ സമയങ്ങളിലായി മൂന്ന് ട്രിപ്പുകള്‍ ഉണ്ടായിരിക്കും.

ഉപതെരഞ്ഞെടുപ്പ്; മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ വേണം

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനോടൊപ്പം മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധ നല്‍കി ഹരിതതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ജില്ല. ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കന്ന മാലിന്യങ്ങളുടെ അളവ് കുറച്ച് പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് ഹരിത തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കാലയളവിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശ്രദ്ധ നല്‍കണമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ എസ്.ഹര്‍ഷന്‍ അറിയിച്ചു. പ്രചാരണ സാമഗ്രികള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പടെ 500 ടണ്ണില്‍ കൂടുതല്‍ മാലിന്യങ്ങളാണ് സംസ്ഥാനത്താകെ പ്രതീക്ഷിക്കുന്നത്.

മാലിന്യങ്ങളുടെ അളവ് കാര്യക്ഷമമായ കുറച്ച് അവശേഷിക്കുന്ന മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം ഉറപ്പാകക്കുകയാണ്. പരസ്യ പ്രചാരണ ബാനറുകള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്‌സുകള്‍, പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്, പോളിസ്റ്റര്‍, നൈലോണ്‍, പ്ലാസ്റ്റിക് കോട്ടിങ് തുണി എന്നിവ ഉപയോഗിക്കാന്‍ പാടില്ല. നൂറുശതമാനം കോട്ടണ്‍ തുണിയില്‍ എഴുതി തയാറാക്കുന്നവയും, കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ ചേര്‍ന്ന് നിര്‍മിക്കുന്ന വസ്തുവില്‍ പ്രിന്റ് ചെയ്യപ്പെടുന്ന ബോര്‍ഡുകളും ബാനറുകളും ഉപയോഗിക്കാം. പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിച്ചും പ്രചാരണ സാമഗ്രികള്‍ നിര്‍മ്മിക്കാം.

പ്രചാരണത്തിന് കൂടുതലും ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. കൊടികള്‍, തോരണങ്ങള്‍ തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കണം. പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള കൊടിതോരണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രചാരണ വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹ്യദ വസ്തുക്കള്‍ ഉപയോഗിക്കണം. ഫ്ളക്സ്, പ്ലാസ്റ്റിക്, തെര്‍മോക്കോള്‍ പൂര്‍ണമായി ഒഴിവാക്കി കോട്ടണ്‍ തുണി, പേപ്പര്‍ എന്നിവ കൊണ്ട് വാഹനങ്ങള്‍ അലങ്കരിക്കാം.

പോളിങ് ബുത്തുകള്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

പോളിങ് ബൂത്തുകള്‍ ഒരുക്കുമ്പോള്‍ ഹരിത പെരുമാറ്റചട്ടം പാലിക്കണം. കുടിവെള്ള ഡിസ്പെന്‍സറുകള്‍, സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ എന്നിവ ഒരുക്കണം. മാലിന്യം തരം തിരിച്ച് നിക്ഷേപിക്കാന്‍ പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. മാലിന്യം നീക്കം ചെയ്യാന്‍ ഹരിത കര്‍മ സേനയുമായി കരാറില്‍ ഏര്‍പ്പെടണം. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം പ്ലാസ്റ്റിക് കണ്ടയിനര്‍, സഞ്ചികള്‍ എന്നിവയില്‍ വിതരണം ചെയ്യരുത്. ബൂത്തുകളില്‍ ഭക്ഷണം കഴിക്കാന്‍ ഡിസ്പോസിബള്‍ ഗ്ലാസ്, പ്ലേറ്റ് എന്നിവ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. തെരഞ്ഞെടുപ്പില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷന്‍ ജില്ലാ ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 04936 203223, 9495568408

ഹരിതചട്ടം ലംഘിച്ചാല്‍ പിഴ

തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം ലംഘിച്ചാല്‍ 10,000 രൂപ മുതല്‍ പിഴ ചുമത്തുമെന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍ പറഞ്ഞു. ഹരിതചട്ട ലംഘനം നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ മൂന്ന് പേര്‍ അടങ്ങുന്ന ഒരു ടീമിനെയും തദ്ദേശ സ്ഥാപന പരിധിയില്‍ നോല് പേര്‍ അടങ്ങുന്ന 26 ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *