മാനന്തവാടി: വയനാട് എന്നാൽ രാമേട്ടൻ കൂടിയാണെന്നും അദ്ദേഹത്തിന്റെ വിയോഗം സംസ്ഥാനത്തിന് തീരാനഷ്ടമാണെന്നും പി പ്രസാദ് എംഎൽഎ. രാമേട്ടന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ശേഷം സന്ദർശനക്കുറിപ്പിലാണ് എം.എൽ.എ വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ചത്.
രാമേട്ടനില്ലാത്ത വീടിന്റെ ശൂന്യത വല്ലാത്തൊരു നീറ്റലായി ഉള്ളിൽ നിറയുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു. ചാണകം മെഴുകിയ കോലായിലിരുന്ന് എത്രയോ തവണ രാഷ്ട്രീയവും കൃഷിരീതികളും വിത്തുസംരക്ഷണത്തിന്റെ ആവശ്യകതയും ചർച്ച ചെയ്ത ഓർമ്മകൾ അദ്ദേഹം അനുസ്മരിച്ചു. വിത്തിന്റെ പ്രാധാന്യവും സംരക്ഷണവും രാമേട്ടനോളം ഉയർത്തിപ്പിടിച്ച മറ്റാളുകൾ ഇന്ത്യയിൽ അധികമില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
സുഹൃത്തായും സഖാവായും ഒരു കാരണവരായും തങ്ങളിലൊക്കെ സ്നേഹം നിറച്ച ആ മഹാനായ മനുഷ്യന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരപൂർവ്വം ശിരസ്സ് നമിക്കുന്നുവെന്നും അദ്ദേഹം സന്ദർശനക്കുറിപ്പിൽ കുറിച്ചു.
പി. പ്രസാദ് എം.എൽ.എയുടെ ഭാര്യ ലൈന, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി നിഖിൽ പത്മനാഭൻ, സി.പി.ഐ എടവക ലോക്കൽ സെക്രട്ടറി രജിത്ത് കമ്മന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
