മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ബിഷ്ണുപൂര്‍ ജില്ലയില്‍ 3 മെയ്തെയ് വിഭാഗക്കാര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ തുടരുന്നു

ഇംഫാല്‍: ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘര്‍ഷം ഉണ്ടായത്.മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. അതേസമയം സംഘര്‍ഷത്തിനിടെ പ്രദേശത്തെ നിരവധി കുക്കി സമുദായക്കാരുടെ വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടെന്നാണ് റിപ്പോര്‍ട്ട്. ക്വാക്ത മേഖലയില്‍ കുക്കി വിഭാഗവും സുരക്ഷാ സേനയും തമ്മില്‍ കനത്ത വെടിവയ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബഫര്‍ സോണ്‍ കടന്ന് മെയ്തേയ് പ്രദേശത്തേക്ക് എത്തിയ ചിലര്‍ അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത മേഖലയില്‍ നിന്ന് 2 കിലോമീറ്റര്‍ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫര്‍ സോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വലിയ രീതിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സായുധ സേനയും മെയ്തെയ് സമുദായക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഭവത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *