തരുവണ: തരുവണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെയും എക്സൈസ് വിമുക്തി മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് “പൗരബോധം: ലഹരിക്കെതിരെ” എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ഹൈസ്കൂൾ പ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ ഉത്തരവാദിത്തമുള്ള പൗരബോധം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം സെമിനാർ എടുത്തുപറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും കടമകളും തിരിച്ചറിയാനും,ലഹരി ഉപയോഗം ഒരു വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് എങ്ങനെ തടസ്സമാകുന്നുവെന്ന് മനസ്സിലാക്കാനും സെമിനാർ വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി.
ചടങ്ങിന് ആന്റി നാർക്കോട്ടിക് ക്ലബ്ബ് കൺവീനർ അഭിന എബ്രഹാം സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് നിഷ ആൻ ജോയ് അധ്യക്ഷത വഹിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ ജാഗ്രത പാലിക്കാനും ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നാടിന്റെ കരുത്തായി മാറാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.
സ്കൂൾ കൗൺസിലർ വി. നൂർജഹാൻ,സീനിയർ അസിസ്റ്റന്റ് പി.സി.ജസി, ആന്റി നാർക്കോട്ടിക് ക്ലബ്ബ് പ്രതിനിധി മുഹമ്മദ് അഫ്നാൻ,എസ്.പി.സി. കമാൻഡർ മുഹമ്മദ് ഷിനാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്ലബ്ബ് ലീഡർ മുഹമ്മദ് സിയാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
“ലഹരിയില്ലാത്ത പുലരിക്കായി കൈകോർക്കാം, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഉത്തമ പൗരന്മാരായി വളരാം” എന്ന പ്രതിജ്ഞയോടെയാണ് സെമിനാർ സമാപിച്ചത്.
