കാട്ടിക്കുളം: കാട്ടിക്കുളം മോട്ടോർ വാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ വാക്കേറ്റവും കയ്യാങ്കളിയും. അരിയുമായി എത്തിയ ഹനീഫ പാണ്ടിക്കാട് എന്ന വ്യക്തിയും മോട്ടോർ വാഹനവകുപ്പിലെ ഓഫീസ് അറ്റൻഡന്റ് പി പ്രദീപ് കുമാറും തമ്മിലാണ് വാക്കേറ്റ വും കൈയ്യാങ്കളിയുമുണ്ടായത്. ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ച തന്റെ മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചു വാങ്ങിയെന്നും മർദിച്ചെന്നുമാണ് ഹനീഫയുടെ പരാതി.
സംഭവത്തിനു ശേഷം ഹനീഫ തന്നെയാണ് ഇത് ഫെയ്‌സ്ബുക്കിൽ പോസ്റ്റു ചെയ്‌തത്. എന്നാൽ ഓഫീസിൽ അതിക്രമിച്ചു കയറി ഹനീഫ വീഡിയോ പകർത്തിയെന്നും കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നശിപ്പിച്ചുവെന്നും, മർദിച്ചു വെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇരുവർക്കുമെതിരെ തിരുനെല്ലി പോലീസ് കേസടുത്തു.