ട്രാഫിക് നിയമലംഘകരെ ‘പറന്ന് പിടിക്കാന്‍’ പൊലീസ് ഡ്രോണ്‍

തിരുവനന്തപുരം: നഗരത്തിലെ ഗതാഗത നിയമലംഘകരെയും കുറ്റവാളികളെയും പറന്നു പിടിക്കാൻ സിറ്റി പൊലീസ്. പൊലീസിന്റെ ഡ്രോണ്‍ ഫോറൻസിക് യൂനിറ്റിന്റെ ഭാഗമായ ഡ്രോണിന്റെ പ്രവര്‍ത്തനം ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂനിറ്റില്‍ ആരംഭിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ നാഗരാജു ചകിലം അറിയിച്ചു.
ആദ്യഘട്ടത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ ഡ്രോണ്‍ നിരീക്ഷണം നടത്തും. ബൈക്ക് റേസിങ്, ബൈക്ക് സ്റ്റണ്ടിങ് നടത്തുന്നവരെ പിന്തുടര്‍ന്ന് വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍ ഡ്രോണില്‍ ഘടിപ്പിച്ചിട്ടുള്ള കാമറ ഒപ്പിയെടുക്കും.

നമ്ബര്‍ പ്ലേറ്റില്‍ രൂപമാറ്റം വരുത്തുന്നവരെയും വാഹനത്തിന്റെ രൂപഭേദം വരുത്തുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകും. സീബ്രാ ലൈനുകളില്‍ വാഹനം നിര്‍ത്തുന്നവരെയും ചുവന്ന ലൈറ്റ് ചാടി പോകുന്നവരെയും ഗതാഗത തടസ്സം സൃഷ്ടിച്ച്‌ വാഹന പാര്‍ക്കിങ് നടത്തുന്നവരെയും ഡ്രോണ്‍ തിരിച്ചറിയും. ഇതിലെ അള്‍ട്രാസൂം കാമറ രാത്രിയിലും പകലും വ്യക്തമായ ദൃശ്യങ്ങളും വിഡിയോകളും ഒപ്പിയെടുക്കും. ഹെല്‍മെറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും യാത്ര ചെയ്യുന്നവരെയും ആകാശകാമറയിലൂടെ തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കും. സമരങ്ങളും ജാഥകളും ഉണ്ടാകുമ്ബോള്‍ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുവാനും ഡ്രോണിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ വി. അജിത്ത് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *