കൽപ്പറ്റ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 28, 29 തീയതികളിൽ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. അറിയിച്ചു. 28 ന് എത്തുന്ന പ്രിയങ്ക ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ബത്തേരി നിയോജക മണ്ഡലത്തിൽ മീനങ്ങാടിയിലും മൂന്ന് മണിക്ക് മാനന്തവാടി നിയോജകമണ്ഡലത്തിൽ പനമരത്തും യോഗങ്ങളിൽ സംസാരിക്കും.
29ന് രാവിലെ പത്ത് മണിക്ക് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും, ഉച്ചയ്ക്ക് രണ്ടു മണിക്ക് ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലും മൂന്നര മണിക്ക് വണ്ടൂർ നിയോജക മണ്ഡലത്തിൽ മമ്പാടും വൈകിട്ട് അഞ്ചു മണിക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിലും പ്രിയങ്ക യോഗങ്ങളിൽ പങ്കെടുക്കും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ നിയോജകമണ്ഡലം കൺവൻഷനുകളും പഞ്ചായത്ത് തല കൺവൻഷനുകളും യു.ഡി.എഫ്. പൂർത്തിയാക്കി. ഇന്നലെ ബൂത്ത് കൺവൻഷനുകളും പൂർത്തീകരിച്ചതായും അറിയിച്ചു.