കൽപ്പറ്റ: പച്ചക്കറി വിലവര്‍ധനവ് ഉയരുന്നതോടെ കുടുംബ ബജറ്റും താളംതെറ്റി തുടങ്ങി. അനുദിനം ഉയരുന്ന സവാള വിലയോടൊപ്പം ചെറിയുള്ളിയുടെയും വെളുത്തുള്ളിയുടെയും പച്ചക്കറികളുടെയും വിലയും കുത്തനെ ഉയരുകയാണ്. കിലോ ഗ്രാമിനു 70 മുതല്‍ 80 രൂപ വരെയുള്ള നിരക്കിലാണ് പച്ചക്കറിക്കടകളില്‍ സവാള വ്യാപാരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണു സവാള പ്രധാനമായും വരേണ്ടത്. കഴിഞ്ഞ മാസം അവിടെ പെയ്ത മഴയില്‍ വലിയ കൃഷിനാശമുണ്ടായതോടെ സവാളയുടെ ലഭ്യതയിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
കൃഷിനാശത്തോടൊപ്പം ഉല്‍പാദനം ഗണ്യമായി കുറഞ്ഞതും ലഭ്യതയെ ബാധിച്ചു. രാജസ്ഥാനിലെയും പുണെയിലെയും സ്ഥിതി വ്യത്യസ്തമല്ല. മൈസൂരുവില്‍ നിന്നുള്ള സവാള വരവു കുറഞ്ഞതും തിരിച്ചടിയാണ്. നാസിക്കില്‍ നിന്നും ബിജാപുരില്‍ നിന്നുമാണ് ഇപ്പോള്‍ വയനാട്ടിലേക്കു പ്രധാനമായും സവാള ഇറക്കുന്നത്. കിലോ 58 രൂപ നിരക്കില്‍ നല്‍കിയാണു മൊത്തവ്യാപാരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു സവാള വാങ്ങുന്നത്. പെട്ടെന്നു കേടു വരുന്നതിനാല്‍ മൊത്ത വ്യാപാരികളും സവാള ധാരാളമായി സംഭരിക്കുന്നില്ല. കുറച്ചു ദിവസത്തേക്കുള്ള ലോഡ് മാത്രമാണു ഇപ്പോള്‍ എടുക്കുന്നത്.
അതില്‍ തന്നെ കേടുവന്ന സവാള വില്‍പന യോഗ്യമല്ലാതായി നഷ്ടമാകുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ഇതെല്ലാം വിപണിയില്‍ ഉണ്ടാക്കുന്ന അനിശ്ചിതത്വമാണ് സവാള വിലയില്‍ പ്രതിഫലിക്കുന്നത് അടുത്ത ആഴ്ചകളില്‍ വീണ്ടും വിളവെടുപ്പു തുടങ്ങും. അതുവരെ വില ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യതയാണുള്ളത്. സവാളയോടൊപ്പം മറ്റു അവശ്യ പച്ചക്കറികള്‍ക്കും വില കൂടുന്നുണ്ട്. കാരറ്റ് കിലോയ്ക്കു 85 മുതല്‍ 100 രൂപ നിരക്കിലാണ് പല സ്ഥലങ്ങളിലും കച്ചവടം നടക്കുന്നത്.