ഇന്ത്യന്‍ യുവതയുടെ രാഷ്ട്രീയ ബോധവും ബോധ്യവും വലിയ പ്രതീക്ഷയാണ്: സാദിഖലി ശിഹാബ് തങ്ങള്‍

കല്‍പ്പറ്റ: ഇന്ത്യന്‍ യുവതയുടെ രാഷ്ട്രീയ ബോധവും ബോധ്യവും വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നതെന്നും ഭരണകൂടത്തിന്റെ ജനാധിപത്യധ്വംസനങ്ങള്‍ക്കെതിരെ യുവത നടത്തുന്ന പോരാട്ടം ഐതിഹാസികമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും നാടായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ന് വിദേശ ഏജന്‍സികളുടെ സര്‍വ്വേ കണക്കുകളിലടക്കം ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ തട്ട് വളരെ താഴെയാണെന്ന് വ്യക്തമാക്കുന്നു. മതേതരത്വം, സാഹോദര്യം, സഹിഷ്ണുത എന്നീ മൂല്യങ്ങളുടെ സംരക്ഷണമാണ് ഇന്ത്യയെ മനോഹരമാക്കുന്നത്. അവ ഇല്ലാതാക്കുന്നത് ഇന്ത്യന്‍ ജനതയ്ക്ക് അംഗീകരിച്ചു നല്‍കാനാവില്ലെന്നും തങ്ങള്‍ പറഞ്ഞു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ കാലത്ത് 13 കോടിയിലേറെ പേരുടെ വോട്ടവകാശമാണ് റദ്ദ് ചെയ്യപ്പെട്ടത്. ഇത് നൂറിലധികം രാജ്യങ്ങളിലെ ആകെ വോട്ടര്‍മാരെക്കാള്‍ വലിയ എണ്ണമാണ്. ഇത്തരം നടപടികള്‍ നീതീകരിക്കാനാവില്ല. രാജ്യം ഇത്രകാലം കാത്തുസൂക്ഷിച്ച യഥാര്‍ത്ഥ പൈതൃകത്തിലേക്ക് തിരികെ നടക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അതിനായി നടക്കുന്ന ശ്രമങ്ങളെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി. വയനാട് ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണ സമ്മേളനവും ചന്ദ്രിക ക്യാമ്പയിന്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും എന്‍. മമ്മൂട്ടി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാടുമായി മുസ്‌ലിം ലീഗിന് ഹൃദയബന്ധമാണുള്ളത്. പത്തു വര്‍ഷത്തെ ഭരണം കൊണ്ട് വയനാടിനെ ഇരുട്ടിലാക്കുകയായിരുന്നു ഇടതുപക്ഷം. വയനാടിന് ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നത് യു.ഡി.എഫ്. സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ്. അക്കാലത്ത് വയനാടിന് ഭരണപരമായ മികച്ച പരിഗണന ലഭിക്കുകയും ജനങ്ങളുടെ അഭിപ്രായത്തിന് മുഖ്യവില നല്‍കുകയും ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ ജനദ്രോഹ നിലപാടുകള്‍ മടുത്ത ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയത് അത്യുജ്ജ്വല വിജയമാണ്. ഇത് ഐക്യജനാധിപത്യ മുന്നണി വലിയ ഉത്തരവാദിത്തമായാണ് കാണുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും യു.ഡി.എഫ്. സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും കേരള വ്യവസായ, ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ. സലാം പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. സി. മമ്മൂട്ടി അനുസ്മരണ പ്രഭാഷണവും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഡോ. റാഷിദ് ഗസ്സാലി അനുമോദന പ്രഭാഷണവും നടത്തി. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, മുസ്‌ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജന്‍, കെ.ആര്‍.ഇ.ഡബ്ല്യു.എസ് ചെയര്‍മാന്‍ യഹ്‌യാഖാന്‍ തലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ, നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളും പോഷകഘടകങ്ങളുടെ ജില്ലാ ഭാരവാഹികളും സംബന്ധിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.പി. അയ്യൂബ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *