വൈത്തിരി: ലഹരിമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും ആഭിമുഖ്യത്തിൽ വൈത്തിരി സബ് ജയിലിൽ ‘തിരിച്ചറിവിൻ്റെ പുലരി’ എന്ന പേരിൽ പ്രത്യേക ബോധവൽക്കരണ ശാക്തീകരണ സെമിനാർ സംഘടിപ്പിച്ചു.
ജയിൽ സൂപ്രണ്ട് കെ.കെ. അനൂപ് അധ്യക്ഷത വഹിച്ച ചടങ്ങ് എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് സൻഫീർ ഉദ്ഘാടനം ചെയ്തു.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. “ഇന്നലെകളുടെ ഇരുട്ടിൽ നിന്ന് നാളെയുടെ വെളിച്ചത്തിലേക്ക്; തെറ്റുകളെ തിരുത്താം, ജീവിതത്തെ തിരിച്ചുപിടിക്കാം” എന്ന സന്ദേശമുയർത്തി, അന്തേവാസികളെ ക്രിയാത്മകമായ ജീവിതത്തിലേക്കും ആരോഗ്യകരമായ ശീലങ്ങളിലേക്കും കൈപിടിച്ചുയർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു.
ചടങ്ങിൽ പ്രിവൻ്റീവ് ഓഫീസർ പി.വി.രജിത്ത്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ബിജോഷ് ബാലൻ, അക്ബർ അലി എന്നിവർ ആശംസകൾ നേർന്നു. ജയിൽ ഉദ്യോഗസ്ഥരും അന്തേവാസികളും പങ്കെടുത്ത പരിപാടിക്ക് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.കെ.ഷിജു നന്ദി രേഖപ്പെടുത്തി.
