വനാതിർത്തിയിലെ ആശങ്കകൾക്ക് കൂട്ടായ പരിഹാരം; മനുഷ്യ–വന്യജീവി സഹവർത്തിത്വത്തിന് വയനാട്ടിൽ പുതിയ ചുവടുവെപ്പ്

ബത്തേരി :വനാതിർത്തികളിലെ ജനവാസം, കൃഷിനാശം, വന്യജീവികളുടെ ജനവാസമേഖലയിലേക്കുള്ള കടന്നുകയറ്റം, മനുഷ്യജീവനുകൾക്കുണ്ടാകുന്ന ഭീഷണി… വയനാട് നേരിടുന്ന മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനവും ശാസ്ത്രീയ ഇടപെടലും ജനപങ്കാളിത്തവും അനിവാര്യമാണെന്ന വിലയിരുത്തലോടെ ത്രിദിന ശിൽപശാല സമാപിച്ചു. വന്യജീവി സംരക്ഷണവും മനുഷ്യരുടെ സുരക്ഷയും ഉപജീവനവും ഒരുപോലെ പരിഗണിക്കുന്ന പ്രാദേശിക പ്രവർത്തനരീതികൾ വികസിപ്പിക്കണമെന്ന നിർദേശമാണ് ചർച്ചകളിൽ ഉയർന്നത്.വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘർഷത്തെ കേവലം വനത്തിനുള്ളിലോ വനാതിർത്തിയിലോ ഒതുങ്ങുന്ന പ്രശ്നമായി കാണാനാകില്ല. കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും വന്യജീവികളുടെ സഞ്ചാരമേഖലകളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഭൂപ്രകൃതിയിൽ സംഘർഷത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും വ്യത്യസ്തമാണ്. ഈ യാഥാർഥ്യം കണക്കിലെടുത്ത് ദീർഘകാല പരിഹാരങ്ങൾ രൂപപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം.വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിലുള്ള സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ (WII-SACON) സെന്റർ ഓഫ് എക്സലൻസ് ഓൺ ഹ്യൂമൻ–വൈൽഡ്‌ലൈഫ് കോൺഫ്ലിക്ടിന്റെ നേതൃത്വത്തിൽ നവംബർ 25 മുതൽ 27 വരെ വയനാട്ടിലെ സപ്ത റിസോർട്ടിലായിരുന്നു ശിൽപശാല.വനംവകുപ്പ്, പൊലീസ്, ടൂറിസം, മൃഗസംരക്ഷണം, ആരോഗ്യം, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ, ഗവേഷകർ, സർവകലാശാലകൾ, വന്യജീവി സംരക്ഷണ സംഘടനകൾ, തദ്ദേശീയ സമൂഹങ്ങൾ, സിവിൽ സൊസൈറ്റി, മാധ്യമങ്ങൾ എന്നിവയുടെ പങ്കാളിത്തം ശിൽപശാലയെ വിവിധ മേഖലകളുടെ സംവാദവേദിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *