കൊച്ചി: എറണാകുളം മരടിലെ ഫ്ളാറ്റില്‍ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ബ്ലൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാമിനെ (77) മകൻ വിനോദ് (52) കൊലപ്പെടുത്തുകയായിരുന്നു. മണിക്കൂറുകളോളം അച്ചാമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ടതിനു ശേഷമാണ് കൊലപാതകം നടത്തിയത്.
രാവിലെ മുതല്‍ മകൻ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. അയല്‍വാസി ഡിവിഷൻ കൗണ്‍സിലറെ സംഭവം അറിയിച്ചു. കൗണ്‍സിലര്‍ വിളിച്ചു പറഞ്ഞതു പ്രകാരം പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്തു കയറാനായില്ല. ഇവിടെ പ്രശ്നം ഒന്നുമില്ലെന്ന് വിനോദ് പറഞ്ഞതു വിശ്വസിച്ച് പൊലീസ് മടങ്ങുകയായിരുന്നു.
പക്ഷേ വൈകുന്നേരമായതോടെ വീടിനുള്ളില്‍ നിന്നു കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമായ ശബ്ദം കേള്‍ക്കാൻ തുടങ്ങി. തുടര്‍ന്ന് കൗണ്‍സിലര്‍ അറിയിച്ചതനുസരിച്ച് പൊലീസ് വീണ്ടുമെത്തി വീടിനുള്ളില്‍ കയറി പരിശോധന നടത്തിയതോടെയാണ് അരുംകൊല അറിഞ്ഞത്. കത്തി വീശി അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴ്പ്പെടുത്തിയത്. അകത്തെ മുറിയില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു അച്ചാമ്മ.