കല്‍പ്പറ്റ: ഉമ്മന്‍ ചാണ്ടി പകര്‍ന്ന രാഷ്ട്രീയ പാഠങ്ങളാണ് പൊതുജീവിതത്തില്‍ കരുത്തായതെന്ന് കെപിസിപി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ടി. സിദ്ദീഖ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഉള്‍പ്പടെ അനേകം ചെറുപ്പക്കാരെ കണ്ടെത്തുകയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്ത നേതാവാണ് ഉമ്മന്‍ ചാണ്ടി. തിരിച്ചടികള്‍ നേരിടേണ്ടിവന്നപ്പോഴൊക്കെ അദ്ദേഹം പകര്‍ന്ന ആത്മവിശ്വാസമാണ് നിവര്‍ന്നുനില്‍ക്കാന്‍ പ്രചോദനമായത്. പൊതുസമൂഹത്തോടും സഹപ്രവര്‍ത്തകരോടുമുള്ള ഉമ്മന്‍ ചാണ്ടിയുടെ ബന്ധം കലര്‍പ്പില്ലാത്തതും വൈകാരികവുമാണ്. ഇത്തരത്തിലുള്ള നേതൃത്വം എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അന്യംനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍. ജനങ്ങളുടെ സാമീപ്യം അസ്വസ്ഥതയും നീരസവും ജനിപ്പിക്കുന്നുവെന്ന തോന്നല്‍ ഉണ്ടായാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഉമ്മന്‍ ചാണ്ടിയുടെ നിലപാട് മുഴുവന്‍ പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. താന്‍ ചെയ്യുന്നതെല്ലാം ദൈവം നിരീക്ഷിക്കുന്നുവെന്ന വിശ്വാസത്തില്‍ അധിഷ്ഠിതമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. ഇക്കാര്യം ഐക്യരാഷ്ട്ര സംഘടനയുടെ സിവില്‍ സര്‍വീസ് പുരസ്‌കാരം ബഹ്‌റൈനില്‍ സ്വീകരിച്ചതിനുശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞതായി സിദ്ദീഖ് അനുമസ്മരിച്ചു.