അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ നടൻ വിനായകനെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. വികാരം വ്രണപ്പെടുത്തി മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും പ്രകോപനപരമായ പ്രസ്‌താവന നടത്തിയതിനുമാണ് കേസ്.
ഉമ്മൻചാണ്ടിയെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് സെൻട്രല്‍ എസിപി സി ജയകുമാറിന് പരാതി നല്‍കിയത്. ഇതിനുപുറമെ നാല് പരാതികളും നോര്‍ത്ത് പൊലീസിന് ലഭിച്ചു. ആരാണ് ഈ ഉമ്മൻചാണ്ടി, എന്തിനാണ് മൂന്നുദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് വിനായകൻ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ ഉന്നയിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടൻ വീഡിയോ പിൻവലിച്ചിരുന്നു.