തരുവണ: മണിപ്പൂരിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വിമൻ ഇന്ത്യ മൂവ്മെൻ്റ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം നടത്തി. ധ്രുവീകരണ രാഷ്ട്രീയം അജണ്ടയാക്കിയ ബി.ജെ.പി സർക്കാർ മണിപ്പൂരിലെ കുക്കി-മെയതയ് ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് “ഭിന്നിപ്പിച്ച് ഭരിക്കുക”യെന്ന പഴയ ബ്രിട്ടീഷ് രാജ് നടപ്പിലാക്കുകയാണ്. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം മനുഷ്യത്വ രഹിതമായ ക്രൂരതകളാണ് മണിപ്പൂരിൽ സ്ത്രീകൾക്കു നേരെ നടക്കുന്നത്. ഭരണകൂട ഒത്താശയോടെ നടക്കുന്ന “മണിപ്പൂർ വംശഹത്യ” ലോകത്ത് ഇന്ത്യയുടെ മതേതര മുഖംതന്നെ വികൃതമാക്കിയിരിക്കയാണെന്നും സ്ത്രീസമൂഹത്തിനുവേണ്ടി സ്ത്രീകൾതന്നെ പ്രതിരോധ പടയണി തീർക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെൻ്റ് വയനാട് ജില്ലാ ട്രഷറർ സൽമ അഷ്റഫ് പറഞ്ഞു. തരുവണയിൽ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആയിഷ ലത്തീഫ്, ഷാഹിദ ജാഫർ സംസാരിച്ചു. സെക്കീന മഹറൂഫ് സ്വാഗതവും സെറീന മുഹമ്മദലി നന്ദിയും പറഞ്ഞു.