കല്‍പ്പറ്റ: മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജനകീയ പ്രവേശന കവാടവും സുരക്ഷാമതിലും വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നാളെ രാവിലെ ഒമ്പത് മണിക്ക് ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ അഡ്വ. ടി സിദ്ദീഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ മുഖ്യാഥിതി ആയിരിക്കും. കല്‍പ്പറ്റ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. 2021 ജനുവരി 17നാണ് അന്നത്തെ എം എല്‍ എ സി കെ ശശീന്ദ്രന്‍ പ്രവേശന കവാടത്തിന്റെ താറക്കല്ലിടല്‍ നിര്‍വഹിച്ചത്. ജനകീയ നിര്‍മാണ കമ്മിറ്റി രൂപീകരിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ക്കാവശ്യമായ ഫണ്ട് സ്വരൂപിച്ചു. ജനകീയ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഡോക്ടര്‍ സെബാസ്റ്റ്യനില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് കല്‍പ്പറ്റ നഗരസഭയുടെ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചിരുന്നു. ജനകീയ നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രാദേശികമായി സ്വരുക്കൂട്ടിയ സാമഗ്രികളും സാമ്പത്തികവും ഒന്നുചേര്‍ന്നതിന്റെ ഫലമാണ് പ്രവേശന കവാടവും ഗേറ്റും സുരക്ഷാമതിലും എന്ന സാക്ഷാത്കാരത്തിലേക്ക് നയിച്ചത്. മുണ്ടേരിയിലെ പൗരസമൂഹം സുരക്ഷാഭിത്തി ഒരു ദിവസം കൊണ്ടാണ് പടുത്തുയര്‍ത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ വി എച്ച് എസ് സി പ്രിന്‍സിപ്പാള്‍ ഡി കെ സിന്ധു, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ പി ടി സജീവന്‍, ഹെഡ്മിസ്ട്രസ് കെ എസ് സീന, സംഘാടക സമിതി കണ്‍വീനര്‍ എം ബി ബാബു, ചെയര്‍മാന്‍ എം കെ ഷിബു, സി കെ ജിതേഷ്, അധ്യാപകനായ സജി ആന്റോ എന്നിവര്‍ പങ്കെടുത്തു.