ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന;  ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവാക്കൾ

ബത്തേരി : മുത്തങ്ങ-ബന്ദിപ്പൂര്‍ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് യുവാക്കള്‍. കര്‍ണാടക സ്വദേശികളാണ് ആനക്ക് മുമ്പിലകപ്പെട്ടത്. ബൈക്ക് യാത്രികന്‍ പിന്നാലെ വന്ന കാറില്‍ കയറിയാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ രക്ഷിച്ച കാറിലെ യാത്രക്കാര്‍ തന്നെ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നാണ് നിഗമനം.

ഹൈദരാബാദിലേക്ക് യാത്ര ചെയ്തിരുന്ന കോട്ടക്കല്‍ സ്വദേശിയായ നാസറും സംഘവുമാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യങ്ങള്‍ ആദ്യമായി വന്നത്. മുത്തങ്ങ അതിര്‍ത്തി കഴിഞ്ഞ് ബന്ദിപ്പൂരിലേക്ക് കടന്ന ഉടനെ തന്നെയായിരുന്നു ആക്രമണം ഉണ്ടായത്. റോഡില്‍ ചരിഞ്ഞു കിടന്ന ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു കര്‍ണാടക സ്വദേശികള്‍. കുറച്ചുമാറി ആനയുണ്ടായിരുന്നെങ്കിലും തങ്ങളുടെ സമീപത്തേക്ക് വരുന്നത് യുവാക്കള്‍ ശ്രദ്ധിച്ചിരുന്നില്ല. കാറിലുണ്ടായിരുന്നവര്‍ ഹോണ്‍ അടിച്ചതോടെയാണ് യുവാക്കള്‍ അപകടം അറിഞ്ഞത്. ഇതിനിടെ ബൈക്കുമായി റോഡരികിലെ കുറ്റിക്കാട്ടിലേക്കാണ് ഒരാള്‍ എത്തിയത്. ഇതോടെ ബൈക്ക് മറിയുന്നതും ആന തൊട്ടടുത്ത് എത്തി യുവാവിനെ തട്ടാനായി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ യുവാവ് ബൈക്ക് അവിടെയിട്ട് ഓടി രക്ഷപ്പെടുന്നതാണ് പിന്നീട് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *