മാനന്തവാടി: മാനന്തവാടി താലൂക്കില്‍ വള്ളിയൂര്‍ക്കാവില്‍ തുടങ്ങിയ കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. വള്ളിയൂര്‍ക്കാവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന 100-ാം നമ്പര്‍ റേഷന്‍ കടയാണ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി കെ-സ്റ്റോറായി പ്രവര്‍ത്തനമാരംഭിച്ചത്.
റേഷന്‍ കടകളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി ആവിഷ്‌ക്കരിച്ച പദ്ധതിയാണ് കെ-സ്റ്റോര്‍ എന്ന ചുരുക്കപേരിലറിയപ്പെടുന്ന കേരള സ്റ്റോര്‍. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ സപ്ലൈകോ ശബരി ഉത്പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, ഗ്യാസ്, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ റേഷന്‍കടകള്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കെ-സ്റ്റോറിന്റെ ലക്ഷ്യം. നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി സുനില്‍ കുമാര്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ് ബെന്നി, തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.