മാവോയിസ്റ്റ് ഭീഷണിയിൽഭീതി വേണ്ടെന്നും ജനങ്ങളുടെ കൂടെയുണ്ടെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐപിഎസ് ഇന്ന് കൽപ്പറ്റയിൽ പറഞ്ഞു.രക്തച്ചൊരിച്ചിലില്ലാതെയും, മാവോയിസ്റ്റുകൾ കടന്ന് കയറിയ വീട്ടിലെ അംഗങ്ങളെ സുരക്ഷിതരാക്കിയും പഴുതടച്ച ഓപ്പറേഷനിലൂടെയാണ് മാവോയിസ്റ്റുകളെ പോലീസ് പിടികൂടിയത്. കൃത്യമായ ആസൂത്രണത്തിലൂടെ, പാളിച്ചകളില്ലാതെ പദ്ധതി നടപ്പാക്കാനായതിനാലാണ് മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടാൻ വയനാട് പോലീസിനായതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. കുട്ടികളടക്കമുള്ള കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തിയായിരുന്നു മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടിയത്. ഒരു മാസം മുൻപ് മാവോയിസ്റ്റുകൾ കമ്പമലയിൽ പട്ടാപ്പകൽ ആക്രമണം നടത്തിയയത് മുതൽ ജില്ലാ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി കനത്ത തിരച്ചിൽ നടത്തി വരികയായിരുന്നു. നിരന്തരം പട്രോളിങ് നടത്തിയിരുന്നു. എ.ഡി.ജി.പി എം.ആർ. അജിത്‌കുമാർ നേരിട്ടെത്തിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും വന മേഖലകളിൽ പരിശോധനക്കായി ഉപയോഗിച്ചു. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർ പോലീസ് കസ്റ്റഡിയിലാണ്.