വൈത്തിരി : വെറ്റിനറി സയൻസ് കോൺഗ്രസ് പതിനഞ്ചാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസ്സും, അന്തർദേശീയ സെമിനാറും പൂക്കോട് വെറ്ററിനറി കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റ പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ നവംബർ 17 മുതൽ 19 വരെയാണ് വാർഷിക കോൺഗ്രസ് നടക്കുന്നത്. “വെറ്ററിനറി മേഖലയുടെ അതിരുകളില്ലാത്ത ചക്രവാളങ്ങൾ” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്ര സമ്മേളനം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നവംബർ 17 ന് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. വെറ്ററിനറി സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.ആർ ശശീന്ദ്രനാഥ് മുഖ്യാതിഥിയായ ഉദ്ഘാടന സമ്മേളനത്തിൽ ടി. സിദ്ദിഖ് എം.എൽ.എ പ്രദർശന പരിപാടിയുടെ ഉദ്ഘാടനവും, ഒ ആർ കേളു എം. എൽ. എ കോംപെൻഡിയം പ്രകാശനവും, വാഴൂർ സോമൻ എം.എൽ.എ കർഷകരെ ആദരിക്കുന്ന ചടങ്ങും നിർവ്വഹിക്കും. ചെയർമാൻ ഡോ.എം.കെ.നാരായണൻ, ഓർഗനൈസിംങ് സെക്രട്ടറി ഡോ. എസ് മായ, ഡോ.എം പ്രദീപ്, ഡോ.ആർ സെന്തിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. മോഹനൻ, ജനറൽ സെക്രട്ടറി ഡോ. എ. ഇർഷാദ്, ഓർഗനൈസിങ്ങ് കമ്മറ്റി ചെയർമാൻ ഡോ. എം. കെ. നാരായണൻ. സെക്രട്ടറി ഡോ. എസ്. മായ എന്നിവരും വെറ്റിനറി സർവ്വകലാശാലയിലെയും മൃഗസംരക്ഷണ മേഖലയിലെ സ്ഥാപനങ്ങളിലെയും പ്രമുഖരും പങ്കെടുക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. അഭിജിത്ത് മിത്ര നവംബർ 18 ന് ഉദ്ഘാടനം ചെയ്യുന്ന ശാസ്ത്ര കോൺഗ്രസിൽ ദേശീയ തലത്തിൽ ശ്രദ്ധേയരായ നിരവധി ചികിത്സകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് പതിനേഴാം തീയതി കർഷകർക്കും വനിതാ സംരംഭകർക്കുമുള്ള സെമിനാറും സംഘടിപ്പിക്കും. അടിസ്ഥാന വെറ്ററിനറി വിഷയങ്ങളും മൃഗാരോഗ്യവും മുതൽ കാലാവസ്ഥാ വ്യതിയാനവും ഏകാരോഗ്യവും വരെയുള്ള ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും.