സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് ബത്തേരിയിൽ ആവേശത്തുടക്കം

ബത്തേരി: കേരള നെറ്റ്ബോൾ അസോസിയേഷനും വയനാട് ജില്ലാ നെറ്റ്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 32-ാമത് സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി.സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള കൗമാര താരങ്ങളാണ് നവംബർ 28, 29 തീയതികളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. ജനുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്.സെന്റ് ജോസഫ് സ്കൂൾ അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജോർജ് കോടാനൂർ മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റുമാരായ അരുൺ കുമാർ, മനൂപ്, നെറ്റ്ബോൾ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. സാബിറ, സലീം കടവൻ, സാജിദ് എൻ സി,ദീപക് കെ, കെ.പി. ജോയ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *