മാനന്തവാടി: കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരം കടപുഴകി വീണു. മാനന്തവാടി മുതിരേരി ഈച്ചോടിലാണ് മരം കടപുഴകി വീണത്. മരത്തോടൊപ്പം സമീപത്തെ കെഎസ്ഇബിയുടെ തൂണും തകർന്നു. മരം വീണതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഇന്ന് രാത്രി 10:30 ഓടെയാണ് സംഭവം. തുടർന്ന് ഫയർഫോഴ്സും പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അപകട ഭീഷണിയായ ഈ മരം മുറിക്കാൻ മുൻപ് നാട്ടുകാർ പഞ്ചായത്ത് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആരോപണം. റോഡരികിൽ മറ്റൊരു മരവും അപകട ഭീഷണിയായി നിൽക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചിത്രം: മിഥുൻ കെ സജി