കേരളോത്സവത്തോടൊപ്പം ഗ്രാമോത്സവവുമായി മീനങ്ങാടി

മീനങ്ങാടി.കേരളോത്സവത്തോടൊപ്പം 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ ഗ്രാമോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20 മുതല്‍ 25 വരെ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ശ്രീകണ്ഠ ഗൗഡ സ്റ്റേഡിയം, ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം അവസരങ്ങള്‍ ലഭിക്കാത്തവര്‍ക്കും പലവിധ കാരണങ്ങളാല്‍ മാറി നില്‍ക്കേണ്ടി വന്നവരുടേയും കലാ കായിക പ്രകടനങ്ങളുടെ വേദിയായി ഗ്രാമോത്സവം മാറും.. 16 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവര്‍ക്കായി യുവജന ക്ഷേമ ബോര്‍ഡും ഗ്രാമ പഞ്ചായത്തും ചേര്‍ന്നു നടത്തുന്ന കേരളോത്സവവും ഇതിനോടൊപ്പം നടക്കും. മിമിക്രി, മോണോ ആക്ട്, ലളിതഗാനം, നാടന്‍പാട്ട്, നാടോടി നൃത്തം, പ്രസംഗം, കോല്‍ക്കളി, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ഒപ്പന, തിരുവാതിര, മെഹന്തി, ചിത്രരചന, കഥാരചന, കവിതാരചന, കാര്‍ട്ടൂണ്‍, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ്, പോസ്റ്റര്‍ മെയ്ക്കിംഗ്, 100,200,400 ഓട്ട മത്സരങ്ങള്‍ 4×100 മീറ്റര്‍ റിലേ, 1500 മീറ്റര്‍ നടത്തം, ഷോട്ട് പുട്ട്, ഡിസ്കസ് ത്രോ, ജാവലിന്‍ ത്രോ, ക്രിക്കറ്റ്, ഫുട്ബോള്‍, ഷട്ടില്‍, ചെസ്സ്, വടംവലി എന്നിവയാണ് മത്സര ഇനങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 19നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *