തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം

ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു സര്‍ക്കാര്‍ ഉത്തരവായി. നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡി.എന്‍.എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ എടുത്ത് വെക്കും.

പൊലീസ് ഇത്തരം മുതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണം. സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീര ഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ബാധകമാണ്.

കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലുമാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *