പുല്‍പള്ളി: പുല്‍പള്ളി- നടവയല്‍ റൂട്ടില്‍ നെയ്ക്കുപ്പ വനപാതയിലെ പതിവുകാരനായ ഒറ്റയാന്‍ യാത്രക്കാര്‍ക്കു ഭീഷണിയാകുന്നതായി പരാതി. ആന ശല്യക്കാരനല്ലെന്ന് വനപാലകര്‍ പറയുന്നുണ്ടെങ്കിലും പാതയോരത്ത് ഒറ്റയാന്‍ നില്‍ക്കുമ്പോള്‍ ഇതുവഴി കടന്നുപോകാന്‍ ആര്‍ക്കും ധൈര്യമില്ല. കൽപ്പറ്റ, പനമരം, മാനന്തവാടി ഭാഗത്തേക്ക് രാവിലെ ജോലിക്കു പോകുന്നവര്‍ക്കാണ് ഏറെ പ്രശ്‌നം. ശക്തമായി മഞ്ഞുപെയ്യുന്ന ദിവസങ്ങളില്‍ ആനയുടെ അടുത്തെത്തുമ്പോഴാണ് കാണാനാവുക. പിന്നെ ഭയവും ആശങ്കയുമിരട്ടിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകള്‍ ആനയെ കണ്ടുതിരിച്ചു പോന്നു. പിന്നീട് വലിയ വാഹനത്തിനു പിന്നാലെയാണ് കടന്നുപോയത്.
വനത്തിലെ ചുള്ളിക്കാട് ജംക്ഷനിലാണ് മിക്കവാറും ചെറിയ കൊമ്പുള്ള ഈ ആനയുണ്ടാവുക. എന്നാല്‍ ഒരു വലിയ കൊമ്പനും പ്രദേശത്തുണ്ട്. രാത്രി കൂടുതല്‍ ആനകളെ പാതയില്‍ കാണാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ചെതലയം വനത്തിലെ ആനത്താരയുള്‍പ്പെടുന്ന സ്ഥലമാണിത്. കബനികടന്ന് ആനകള്‍ കേരളകര്‍ണാടക വനത്തിലേക്ക് സഞ്ചരിക്കുന്നതും ഇതുവഴിയാണ്.