രണ്ട് മാസത്തിനിടെ 26 പരാതികൾ: പഴശ്ശിരാജ കോളേജ് അധ്യാപകന് സസ്‌പെൻഷൻ

പുല്‍പ്പള്ളി: വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും പരാതിയിന്മേല്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. പഴശ്ശിരാജകോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ജോബിഷ് ജോസഫ് കെ. ആണ് അന്വേഷണവിധേയമായി സസ്‌പെന്‍ഷനിലായത്. സഹപ്രവർത്തകയായ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും അധ്യാപികയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതടക്കം പരാതികള്‍ ഈ അധ്യാപകനെതിരേ നിലനിൽക്കുന്നതിനോടൊപ്പം മറ്റ് പോലീസ് കേസുകളും ഇയാള്‍ക്കെതിരേയുണ്ട്. വനിതകളായ സഹപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതും മറ്റൊരു അധ്യാപികയെ അഞ്ചുമാസം കൊണ്ട് ജോലി കളയുമെന്നു ഭീഷണിമുഴക്കിയതും കോളേജിലെ സഹപ്രവര്‍ത്തകര്‍ അധാര്‍മിക ലൈംഗീക ജീവിതം നയിക്കുന്നതവരാണെന്നുമെല്ലാം ആക്ഷേപിച്ചതുമടക്കം 26 പരാതികളാണ് ഈ അധ്യാപകനെതിരേ കോളേജ് അധികാരികള്‍ക്ക് ലഭിച്ചത്.

അധ്യാപികമാരെ മോശം ആംഗ്യത്തിലൂടെ കൈകാണിച്ചു വിളിക്കുക, സമൂഹമാധ്യമങ്ങള്‍ വഴി കോളേജിന്റെ യശസ്സിനു കളങ്കം വരുത്തുന്ന രീതിയില്‍ പെരുമാറുക, വിദ്യാര്‍ത്ഥികളെ തെറ്റായ ദിശയില്‍ നയിക്കുക, വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിച്ച് പ്രിന്‍സിപ്പലിനെതിരെ സംഘര്‍ഷമുണ്ടാക്കുക, വിദ്യാര്‍ത്ഥികളെ ഉപകരണമാക്കി എതിരാളികളെ നേരിടുന്നതിനു സജ്ജരാക്കുക, അവരില്‍ ക്രിമിനല്‍ സ്വഭാവം വളര്‍ത്തുക, പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും അധിക്ഷേപിക്കുക, അപേക്ഷ സമര്‍പ്പിക്കാതെ അവധിയെടുക്കുക, പ്രിന്‍സിപ്പല്‍ നൽകുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയിരിക്കുക, ഓഫീസ് സൂപ്രണ്ടിനെ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍വച്ച് അവഹേളിക്കുക, പുതിയ ക്ലാസ് മുറി നൽകിയിട്ടും പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശങ്ങള്‍ ധിക്കരിച്ച് ചരിത്രവിഭാഗം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസില്‍ കുട്ടികളെയിരുത്തി ക്ലാസുകള്‍ എടുക്കുക, കോളേജ് കൗണ്‍സില്‍ യോഗങ്ങളില്‍ നിന്നും മുന്നറിയിപ്പുകളില്ലാതെ തുടര്‍ച്ചയായി വിട്ടുനില്‍ക്കുക, വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രമവിരുദ്ധമായി പണം പിരിക്കുക, സഹപ്രവര്‍ത്തകരെ കായികമായി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുക, അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത യോഗത്തില്‍ അധ്യാപകരെ അവഹേളിച്ചു സംസാരിക്കുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുക, കാരണങ്ങളൊന്നും കൂടാതെ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, എന്‍സിസി യൂണിറ്റിനെതിരേ വ്യാജപരാതികള്‍ നൽകുക, മറ്റ് സഹപ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങളില്‍ ഇടപെട്ട് പൊതുസമൂഹത്തില്‍ അവരെ അവഹേളിക്കുക, കോളേജിന്റെ ഔദ്യോഗിക വാട്‌സാപ് ഗ്രൂപ്പില്‍ ഭീഷണിയും മോശമായ പോസ്റ്റുകളുമിട്ട് സഹപ്രവര്‍ത്തകരെയും കോളേജ് ജീവനക്കാരെയും മാനസികമായി പീഡിപ്പിക്കുക, കോളേജ് ഇലക്ഷനില്‍ നിന്നും റിട്ടേണിംഗ് ഓഫീസറുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വിട്ടുനില്‍ക്കുക, പ്രിന്‍സിപ്പലിനെ മോശം പദങ്ങള്‍ ഉപയോഗിച്ച് അവഹേളിക്കുക, വിവിധ സാഹചര്യങ്ങളില്‍ കോളേജ് മേധാവി നൽകിയ ആറ് കാരണം കാണിക്കല്‍ നോട്ടീസുകള്‍ക്ക് മറുപടി നൽകാതിരിക്കുക തുടങ്ങിയ 26 പരാതികളാണ് കോളേജ് മാനേജര്‍ക്ക് ഈ കാലയളവില്‍ കിട്ടിയത്.

ഇതിൽ ചില പരാതികൾ പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ യുള്ള അതിക്രമം പോലുള്ള പോക്സോ പരിഗണയിൽ ഉള്ള ഇയാളെക്കുറിച്ചുള്ള പരാതികളും പോലീസിന്റെ പരിഗണനയിലാണ്. പരാതികളെക്കുറിച്ച് അന്വേഷിക്കാന്‍ നോട്ടറി അഡ്വക്കറ്റ് അധ്യക്ഷനായ അന്വേഷണ കമ്മീഷനെ കോളേജ് മാനേജര്‍ ഡോ. ജോസഫ മാര്‍ തോമസ് നിയോഗിച്ചിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ മേല്‍പ്പറഞ്ഞ പരാതികള്‍ നിലനില്‍ക്കുന്നതാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ വിശദമായ തുടരന്വേഷണം നടത്താനും നടപടികളെടുക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അധ്യാപകന് സസ്‌പെന്‍ഷന്‍ നൽകിയത്. അനിശ്ചിത കാലത്തേയ്ക്കാണ് സസ്‌പെന്‍ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *