കൽപ്പറ്റ: ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി നേടിയതോടെ റെക്കോർഡുകളിൽ ഹാട്രിക്കടിച്ചിരിക്കുകയാണ് കൽപ്പറ്റ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ആദിലക്ഷ്മി. കൽപ്പറ്റ ഓണിവയലിലെ സനേഷ് – രഞ്ജിനി ദമ്പതികളുടെ മകളുമായ ആദിലക്ഷ്മി സനേഷാണ് ഈ അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്.
25 രാജ്യങ്ങളുടെ പേരുകൾ എ മുതൽ ഇസഡ് വരെയുള്ള അക്ഷരമാല ക്രമത്തിൽ ദേശീയ മൃഗങ്ങൾക്കൊപ്പം 38 സെക്കൻഡിനുള്ളിൽ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാന നേട്ടത്തിന് അർഹയായത്. കേരളത്തിലെ ജില്ലകളും, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിച്ചെടുത്ത ആദിലക്ഷ്മിക്ക് പിതാവ് സനേഷ് വേൾഡ് മാപ്പ് കൂടി വാങ്ങി നൽകിയതോടെ കൂടുതൽ രാജ്യങ്ങൾ മനപ്പാഠമാക്കി. പിന്നാലെ ദേശീയ മൃഗങ്ങളുടെ പേരുകൾ പഠിക്കുന്നത് കൂടി കണ്ടാണ് അമ്മ രഞ്ജിനി റെക്കോര്‍ഡ് നേടാനുള്ള ശ്രമം നടത്തിയത്.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, എലൈറ്റ്സ് ബുക്ക് ഓഫ് റെക്കോർഡ് എന്നീ രണ്ട് നേട്ടങ്ങളും ഒരുമിച്ചാണ് നേടിയത്. ഇതിന് പിന്നാലെയാണ് ഗ്രാൻ്റ് മാസ്റ്റര്‍ ടൈറ്റിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് കൂടി കരസ്ഥമാക്കിയത്. കൽപ്പറ്റ ലൈസിയം മോണ്ടിസോറി സ്കൂളിലെ യുകെജി വിദ്യാർത്ഥിനിയാണ് ആദിലക്ഷ്മി.