പ്രചാരണം നേരത്തേ തുടങ്ങി, ചിട്ടയായി നടത്തി; ഒടുവില്‍ കണ്ണഞ്ചുന്ന വിജയം

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയത്തിനു സഹായകമായത് പ്രചാരണം നേരത്തേ തുടങ്ങിയതും ചിട്ടയായി നടത്തിയതും. പൊതുതെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ എഐസിസി പ്രഖ്യാപിച്ചതാണ് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം. ഇതിനു പിന്നാലെ ബത്തേരിയില്‍ നടന്ന കെപിസിസി നേതൃയോഗം പ്രാഥമിക തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയുമുണ്ടായി. പ്രചാരണത്തില്‍ എല്‍ഡിഎഫിനെ അപേക്ഷിച്ച വളരെ മുന്നിലായിരുന്നു യുഡിഎഫ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യുംമുമ്പേ പ്രിയങ്കയുടെ ചിത്രം പതിച്ച പോസ്റ്ററുകളും കട്ടൗട്ടുകളും മണ്ഡലത്തില്‍ ഇടം പിടിച്ചിരുന്നു.

പ്രിയങ്കയ്ക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്ന ലക്ഷ്യവുമായാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രചാരണരംഗത്ത് സജീവമായത്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാന്‍ ഏഴ് നിയോജകമണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എംപി-എംഎല്‍എമാര്‍ക്ക് ചുമതല നല്‍കിയിരുന്നു. ഇവര്‍ ആഴ്ചകളോളമാണ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തത്. യുഡിഎഫിന് സാധ്യതയുള്ള വോട്ടുകളില്‍ ഒന്നുപോലും ചോരരുതെന്ന വാശിയോടെയായിരുന്നു ബുത്തുതലത്തില്‍ പ്രചാരണം. യുഡിഎഫ് പ്രവര്‍ത്തകര്‍ രണ്ടും മൂന്നും തവണയാണ് വീടുകള്‍ കയറി വോട്ട് ഉറപ്പിച്ചത്. ഇതിനു പുറമേ കുടുംബ സംഗമങ്ങളും നടന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രിയങ്കയും സഹോദരന്‍ രാഹുലും വോട്ടര്‍മാരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. വയനാട്ടുകാരെ കുടുംബാംഗങ്ങളെന്നാണ് ഇവര്‍ വിശേഷിപ്പിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ വയനാട്ടുകാര്‍ ഒപ്പം നിന്നു എന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞത് വോട്ടര്‍മാരെ സ്വാധീനിച്ചു. ദേശീയ രാഷ്ടീയ വിഷയങ്ങള്‍ക്കും കേന്ദ്ര ഭരണത്തിന് എതിരായ വിമര്‍ശനങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കാതെയാണ് രാഹുലും പ്രിയങ്കയും വോട്ടര്‍മാരുമായി സംവദിച്ചത്. അതേസമയം പ്രദേശിക വികസന വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുമുണ്ടായി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗില്‍ എട്ട് ശതമാനത്തോളം കുറവ് ഉണ്ടായത് യുഡിഎഫ് നേതാക്കളെ ആശങ്കപ്പെടുത്തിയിരുന്നില്ല. പോളിംഗ് ബൂത്തില്‍ എത്താതിരുന്നത് യുഡിഎഫ് വോട്ടര്‍മാരാണെന്നാണ് എല്‍ഡിഎഫ്, എന്‍ഡിഎ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ഇതിനെ യുഡിഎഫ് നേതാക്കള്‍ പുച്ഛിച്ചുതള്ളുകയാണ് ഉണ്ടായത്.

എല്‍എഡിഎഫും എന്‍ഡിഎയും അവര്‍ക്ക് ഉറപ്പില്ലാത്ത അനുഭാവി വോട്ടുകള്‍ രേഖപ്പെടുത്തുന്നതു നിരുത്സാഹപ്പെടുത്തിയതാണ് പോളിംഗ് ശതമാനം കുറയുന്നതിന് കാരണമായതെന്നാണ് യുഡിഎഫ് നേതാക്കള്‍ വിലയിരുത്തിയത്. ഈ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷം വോട്ട് കവിയുമായിരുന്നുവെന്നു യുഡിഎഫ് നേതാക്കള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *