മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരെ തേടി ദുരന്തഭൂമിയില്‍ ജനകീയ തെരച്ചില്‍. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ് വിഭാഗങ്ങള്‍ക്കൊപ്പം റവന്യു വകുപ്പ് ജീവനക്കാരും പ്രദേശവാസികളും ജനപ്രതിനിധികളും സന്നദ്ധപ്രവര്‍ത്തകരും അണിനിരന്നു. ദുരന്തത്തില്‍ കാണാതായ പരമാവധിയാളുകളെയും കണ്ടെത്താന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് ജനകീയ തെരച്ചില്‍ നടന്നത്. വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു തെരച്ചില്‍. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്‍ രജിസ്റ്റര്‍ ചെയ്ത 190 പേരും തെരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നു. ഇവരെ അതിരാവിലെ സ്ഥലത്തെത്തിച്ചാണ് ജനകീയ തെരച്ചില്‍ തുടങ്ങിയത്.
ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം, മുണ്ടക്കൈ ടൗണ്‍ഭാഗം, ചൂരല്‍മല സ്‌കൂള്‍ റോഡ് എന്നിവടങ്ങളിലെല്ലാം പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തിയത്. പുഞ്ചിരിമട്ടത്തെ തകര്‍ന്ന വീടുകള്‍ക്കരികില്‍ ആദ്യമെത്തിയ സംഘത്തോടൊപ്പം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. ഉത്തരമേഖല ഐ.ജി. കെ സേതുരാമന്‍ തെരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കി. കാണാതായവരുടെ ബന്ധുക്കളും പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിലും ആവശ്യപ്പെട്ട സ്ഥലങ്ങളിലുമെല്ലാം വിശദമായ പരിശോധന നടത്തി. സംശയമുള്ള ഇടങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് മണ്ണുനീക്കി പരിശോധിച്ചു.
പോലീസ് ഡോഗ് സ്‌ക്വാഡിനെയും തെരച്ചിലിന് ഉപയോഗിച്ചു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലിസ്, റവന്യൂ ഉദ്യോഗസ്ഥ സംഘം, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരച്ചലില്‍ പങ്കാളികളായി. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടിക പ്രകാരം ദുരന്തത്തില്‍ കാണാതായ 131 പേരാണുള്ളത്. ഇവരെയും കണ്ടെത്താനുള്ള പരിശ്രമങ്ങളാണ് മുന്നേറുന്നത്.