ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുവേണ്ടി വനം വകുപ്പ് കാടിനുള്ളിലെ പരപ്പന്‍പാറയിലും കലക്കന്‍ പുഴയിലും പരിശോധന നടത്തി. എ.സി.എഫ് എം.കെ.രഞ്ജിത്തിന്റെയും റെയിഞ്ച് ഓഫീസര്‍ കെ. ഹാഷിഫിന്റെയും നേതൃത്വത്തിലായിരുന്നു തെരച്ചില്‍. അതിദുഷ്‌കരമായ കാട്ടുപാതകള്‍ താണ്ടി പുഴയോരത്ത് കൂടിയായിരുന്നു തെരച്ചില്‍. ഹെലികോപ്റ്റര്‍ വഴി തുരുത്തുകളില്‍ ഇറങ്ങി ഇവിടെയുള്ള പരിശോധനയ്ക്ക് ശേഷമാണ് മറ്റിടങ്ങളിലേക്കും സംഘം നീങ്ങിയത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററിന് താഴ്ന്ന് പറക്കാന്‍ കഴിയാതെ വന്നതോടെ നിരവധി ദൂരം കാടിനകത്തു കൂടി നടന്നാണ് രക്ഷാപ്രവര്‍ത്തകര്‍ തിരിച്ചെത്തിയത്.
പുഞ്ചിരിമട്ടത്ത് നിന്നും കിലോമീറ്ററുകള്‍ പിന്നിട്ടാണ് ചാലിപ്പുഴ മലപ്പുറം ജില്ലയിലെ ചാലിയാറില്‍ പതിക്കുന്നത്. വനത്തിനുള്ളിലെ സണ്‍റൈസ് വാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വനപാലകരും ഇതര സേനകളുമടങ്ങുന്ന രക്ഷാപ്രവര്‍ത്തക സംഘം പരിശോധന നടത്തിയിരുന്നു. കലക്കന്‍ പുഴ മുതല്‍ കോളിച്ചുവട് വരെ രണ്ടര കിലോമീറ്റര്‍ ദൂരമാണ് തെരച്ചില്‍ പൂര്‍ത്തിയാക്കിയത്. എ.പി.സി.സി.എഫ് ജസ്റ്റിന്‍മോഹന്‍, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ് ദീപ, നോര്‍ത്തേണ്‍ ഫോറസ്റ്റ് സോഷ്യല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി തുടങ്ങിയ ഉദ്യാഗസ്ഥരാണ് വനം വകുപ്പിന്റെ തെരച്ചില്‍ ഏകോപിപ്പിക്കുന്നത്.