വയനാട് ഉരുള്‍പൊട്ടലുണ്ടായ ദുരന്ത സ്ഥലങ്ങള്‍ നേരില്‍ക്കണ്ട് വിലയിരുത്തി കേന്ദ്രസംഘം. ചൂരല്‍മലയും മുണ്ടക്കൈയും സന്ദര്‍ശിച്ച കേന്ദ്രസംഘം രണ്ടു മണിക്കൂറോളം ദുരന്തസ്ഥലത്തു ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ദുരന്തത്തെ അതിജീവിച്ച പ്രദേശവാസികളുമായി കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംസാരിച്ചു.
ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിന്റെ മുന്നിലൂടെയുള്ള റോഡിലൂടെ പടവെട്ടിക്കുന്ന് വരെ നടന്ന് ദുരന്തത്തിന്റെ തീവ്രതയും കേന്ദ്രസംഘം നേരില്‍ കണ്ടറിഞ്ഞു. റവന്യു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സ്‌പെഷ്യല്‍ ഓഫീസര്‍ സീറാം സാംബശിവ റാവു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ , അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജ്, നോഡല്‍ ഓഫീസര്‍ വിഷ്ണു രാജ്, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍ കുര്യാക്കോസ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.