കൽപ്പറ്റ: കൽപ്പറ്റ നഗരസഭയിലെ മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞ തകർന്നു കിടക്കുന്ന പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. കാൽനട യാത്ര പോലും ദുസഹമായ രീതിയിലാണ് റോഡുകൾ തകർന്നു കിടക്കുന്നത്. കെഎസ്ആർടിസി ഗ്യാരേജും മിൽമ പ്ലാൻ്റും ഉൾപ്പെടെ നൂറുകണക്കിന് വീടുകൾ ഉള്ള ചുഴലി റോഡ്, കൽപ്പറ്റ ടൗണിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുമ്പോൾ എളുപ്പത്തിൽ വാഹനങ്ങൾ തിരിച്ചു വിടുന്ന തുർക്കി റോഡ്, നഗരസഭയിൽ ഏറ്റവും അധികം ആളുകൾ തിങ്ങിപ്പാർക്കുന്ന അമ്പിലേരി നെടുങ്ങോട് റോഡ്, യുപി സ്‌കൂളും ആർടിഒ ഡ്രൈവിംഗ് റോഡ് ടെസ്റ്റ് അടക്കം നടക്കുന്ന പുളിയാർമല റോഡും തുടങ്ങി കൽപ്പറ്റയിലെ എല്ലാ റോഡുകളുടെയും അവസ്ഥ യാത്ര ചെയ്യാൻ കഴിയാത്ത തരത്തിലാണ്.
നഗരസഭാ ഭരണസമിതിയുടെ കാര്യക്ഷമമില്ലായ്‌മയും വികസന വിഷയത്തിൽ കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമാണ് റോഡുകൾ എല്ലാം തന്നെ ഈ തരത്തിൽ ആവാൻ കാരണമെന്നാരോപിച്ചും ജനങ്ങൾ നേരിടുന്ന ഈ ബുദ്ധിമുട്ടിനെ തുടർന്നു മാണ് നഗരസഭ ഭരണ സമിതിക്കെതിരെ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജലിന്റെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചത്. റോഡുകൾ കുറച്ചു ഭാഗം മാത്രം ടാറിങ് ചെയ്യുന്ന അവസ്ഥ കൽപ്പറ്റ മുനിസിപ്പാലിറ്റി നിലനിൽക്കുന്നുണ്ട്. നഗരസഭാ ഭരണസമിതി കൃത്യമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിൽ മൊത്തം റോഡുകളെയും ഓരോ വർഷങ്ങളിലെ പദ്ധതികളായി തിരിച്ച് രണ്ടോ മൂന്നോ റോഡുകൾ പൂർണമായി ഓരോ വർഷത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാൻ സാധിക്കും. കൽപ്പറ്റയിൽ ഹൈവേയും സ്റ്റേറ്റ് ഹൈവേയും കഴിഞ്ഞാൽ ബാക്കിയുള്ള ഉൽഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷ പോലും വരാൻ മടിക്കുന്നത് വലിയ പ്രയാസമാണ് ആളുകൾക്ക് സൃഷ്ടിക്കുന്നത്.
സ്‌കൂൾ ബസുകൾ പോലും കുട്ടികളെ എടുക്കാൻ മടിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. നഗരത്തിൽ ആയിട്ടുപോലും രോഗികളെ പോലും കൃത്യമായി ഹോസ്‌പിറ്റലിൽ എത്തിക്കാൻ കഴിയാറില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി ഹാഷിം ഷൈജൽ കൈപ്പങ്ങൽ ജാഫർ അമ്പിലേരി ഹമീദ് ചുഴലി അബ്‌ദുല്ലത്തീഫ്, സലീം സികെ, ഹാറൂൺ ബൈപ്പാസ്, ജംഷീദ് മുത്തു എന്നിവർ സംബന്ധിച്ചു. നഗരസഭാ സെക്രട്ടറിയുമായുള്ള ചർച്ചയിൽ തീയതി വരെ സമയം അനുവദിക്കണമെന്ന് അഭ്യർത്ഥികളെ തുടർന്ന് സമരം അവസാനിച്ചത്. പതിനെട്ടാം തീയതിയോടെ പ്രശ്‌നപരിഹാരത്തിന് കൃത്യമായ രൂപരേഖ ഉണ്ടാവുന്നില്ലങ്കിൽ റോഡുകളുടെ കാര്യത്തിൽ പൂർണ്ണമായ പരിഹാരം ഉണ്ടാവുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി പറഞ്ഞു.