മക്കിയാട്: ചാലില്‍ മീന്‍മുട്ടി റോഡില്‍ മികച്ച യാത്രാ സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി വിനോദ സഞ്ചാരികളും നാട്ടുകാരും. മീന്‍മുട്ടി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിന്റെ വീതി കുറവും വന്‍ തോതില്‍ കല്ല് ഇളകിക്കിടക്കുന്നതും കാരണം ഇവിടെ യാത്രാ ദുരിതം പതിവാകുകയാണ്. പലയിടങ്ങളിലും എതിരെ വരുന്ന വാഹനത്തിന് അരിക് നല്‍കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. പൂര്‍ണമായും കല്ല് ഇളകിയ നിലയിലുള്ള ഭാഗവും ഇവിടെയുണ്ട്. ഈ ഭാഗം വനം വകുപ്പിന്റെ ഉടമസ്ഥതയിലാണെന്നും അവരുടെ അനുമതി ഇല്ലാത്തതാണ് നന്നാക്കാത്തതിനു കാരണമെന്നും അധികൃതര്‍ പറയുന്നു. ഇവിടെ വലിയ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന അവസ്ഥ ആയതിനാല്‍ വാഹനങ്ങള്‍ക്ക് വന്‍ തോതില്‍ കേടുപാട് സംഭവിക്കുന്നുണ്ട് ടൂറിസം കേന്ദ്രത്തില്‍ തിരക്കേറുമ്പോള്‍ ഗതാഗതക്കുരുക്കും പതിവാണ്. നിലവില്‍ മൂന്നു മീറ്റര്‍ മാത്രമാണ് റോഡിന്റെ വീതി. ഇത് 6 മീറ്റര്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിമാര്‍ക്ക് നിരവധി തവണ പരാതി നല്‍കിയിരുന്നെങ്കിലും നാളിതുവരെയായും യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല.