സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കം തദ്ദേശസ്ഥാപന തലങ്ങളില്‍ വിപുലമായ പരിപാടികൾ
നഗര ഗ്രാമീണ മേഖലയില്‍ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സ്വച്ഛതാ ഹി സേവ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെയും സ്വച്ഛ് ഭാരത് മിഷന്‍ സ്‌കീമിന്റെയും ഭാഗമായാണ് ഒക്ടോബര്‍ രണ്ട് വരെ ക്യാമ്പയിന്‍ നടത്തുന്നത്. പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ബഹുജന പങ്കാളിത്തത്തോടെ റാലികള്‍, മേളകള്‍, ശുചിത്വ മനുഷ്യ ചങ്ങലകള്‍, ശുചിത്വ മാരത്തോണുകള്‍ ,ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കും.
ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ജലാശയങ്ങള്‍ എന്നിവടങ്ങളില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. ജില്ലയില്‍ വൃത്തിഹീനമായി കിടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കുകയും അവയുടെ പരിപാലനം ഉറപ്പാക്കുകയും ചെയ്യും. ശുചീകരണ- മാലിന്യ ശേഖരണ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരുന്ന ജീവനക്കാരെയും, ഹരിത കര്‍മ്മ സേന അംഗങ്ങളെയും പൊതുമധ്യത്തില്‍ ആദരിക്കുകയും അവര്‍ക്കായി ഇന്‍ഷുറന്‍സ് സുരക്ഷാ സംവിധാനങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
ക്യാമ്പയിനിന്റെ ഭാഗമായി വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അജൈവ മാലിന്യ സംസ്‌കരണ ബോധവല്‍ക്കരണത്തിന് പ്രാധാന്യം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതമിത്രം ആപ്പ് മഖേന ഇതുവരെ എന്റോള്‍ ചെയ്യാത്ത വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ അജൈവ മാലിന്യങ്ങള്‍ യഥാക്രമം തരം തിരിക്കുക, ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കുക, അജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കും. സ്‌കൂള്‍ തലത്തിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനതലത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ സഹായത്തോടെ വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട ഭക്ഷണശാല നടത്തിപ്പുകാര്‍ക്കും ഒറ്റ തവണ ഉപയോഗയുക്തമായ പ്ലാസ്റ്റിക്കിന്റെ നിരോധനം, മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിലുള്ള പിഴ, ശിക്ഷാ നടപടികള്‍ എന്നിവയില്‍ ബോധവല്‍ക്കരണം നല്‍കും.
സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മതിലുകള്‍, ടോയ്ലറ്റ് സമുയച്ചങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവ മനോഹരമാക്കുന്നതിനായി ചുമരെഴുത്തും ചിത്രങ്ങളും വരയ്ക്കുന്നതിനോടൊപ്പം ചുറ്റുപാടുകളുടെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കും. സ്വച്ഛ്താ ഹി സേവാ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റ ഭാഗമായി നഗരസഭകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കല്‍പറ്റയില്‍ നടന്നു. പരിശീല പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹര്‍ഷന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി ) റഹീം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഐ.ഇ.സി ക്യാമ്പയിന്‍ സംഘടിപ്പിച്ചു
പ്രധാനമന്ത്രി ജന്‍ ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പി.എം. ജന്‍മന്‍) ന്റെ ഭാഗമായി കേന്ദ്ര പട്ടിക വര്‍ഗ മന്ത്രാലയം, പട്ടികവര്‍ഗ വികസനവകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഐ.ഇ.സി ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രത്യേക ദുര്‍ബലഗോത്ര വിഭാഗത്തില്‍പെട്ട കാട്ടുനായ്ക്ക ഉന്നതികളുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണ് ക്യാമ്പയിനിലൂടെ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി അടിസ്ഥാന രേഖകളായ ആധാര്‍, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, കിസ്സാന്‍ സമ്മാന്‍ നിധി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ ജി. പ്രമോദ്, ലീഡ് ബാങ്ക് ഓഫീസര്‍ രാമകൃഷ്ണന്‍, അസി. പ്രൊജക്റ്റ് ഓഫീസര്‍ എന്‍. ജെ. റെജി, കിര്‍ത്താഡ്സ് പ്രതിനിധി ദീപ, ടി.ഇ.ഒ ഷമീന ബിവി തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരി, പൊഴുതന പഞ്ചായത്തകളിലെ കാട്ടുനായ്ക്ക സങ്കേതങ്ങളിലെ ആളുകള്‍, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മറ്റു പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് അടുത്ത ദിവസങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. 2024-25 അദ്ധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ച 519 കുട്ടികള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഉപദോശക സമിതി അംഗങ്ങള്‍ കിറ്റുകളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. സമിതി അംഗങ്ങളായ കെ സുഗതന്‍, ടി.മണി, ഗിരീഷ് കല്‍പ്പറ്റ, ഒ.പി ചന്ദ്രമോഹന്‍, അഹമ്മദ് സി.എം, സി.പി. മുഹമ്മദാലി, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി.കുറുപ്പ്, ജൂനിയര്‍ ക്ലാര്‍ക്ക് അഭയ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
മാനുവല്‍ സ്‌കാവഞ്ചേഴ്‌സ്: വിവരങ്ങള്‍ നല്‍കണം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മാനുവല്‍ സ്‌കാവഞ്ചേഴ്‌സിന്റെ വിവരങ്ങള്‍ സര്‍വ്വേ നടത്തുന്നതിന്റെഭാഗമായി ഈ പ്രവര്‍ത്തിയിലേര്‍പ്പെട്ടവര്‍ ഗ്രാമപഞ്ചായത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9496691297.
പരിശീലനം നല്‍കി
ശാസ്ത്രീയ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. മാലിന്യ മുക്ത നവകേരളം എന്ന ആശയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.ഹര്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ക്ലീന്‍ ഡെസ്റ്റനിഷേന്‍ വളണ്ടിയര്‍മാര്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കുമാണ് പരിശീലനം നല്‍കിയത്. ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് ക്ലാസ് എടുത്തു. ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, മാനേജര്‍ രാജു, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (ഐ.ഇ.സി ) റഹീം ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.
മേപ്പാടി പുനരധിവാസം മെന്റര്‍മാരെ നിയമിച്ച് കുടുംബശ്രീ
മേപ്പാടി ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ അതിജീവിതര്‍ക്ക് കരുതലാകാന്‍ മെന്റര്‍മാരെ നിയമിച്ച് കുടുംബശ്രീ. മൈക്രോ പ്ലാന്‍ അടിസ്ഥാനത്തില്‍ താഴെ തട്ടില്‍ കുടുംബശ്രീ സംഘടന സംവിധാനം മെച്ചപ്പെടുത്താനും യഥാസമയം വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും വേണ്ടിയാണ് മെന്റര്‍മാരെ ജില്ലാ മിഷന്‍ ചുമതലപ്പെടുത്തിയത്. ആദ്യ ഘട്ടത്തില്‍ പന്ത്രണ്ട് പേരെയാണ് ദുരിത ബാധിത വാര്‍ഡുകളില്‍ നിന്നായി നിയമിച്ചിട്ടുള്ളത്. ഓരോ മെന്റര്‍ക്കും നിശ്ചിത കുടുംബങ്ങളെ നല്‍കുകയും അവരിലൂടെ കൂടുതല്‍ ഗുണകരമാകുന്ന പദ്ധതികള്‍ മേപ്പാടിയില്‍ എത്തിക്കുകയുമാണ് ലക്ഷ്യം. നേരത്തെ ആയിരത്തിലധികം വീടുകളുടെ സര്‍വ്വേ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പൂര്‍ത്തീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി അതിജീവിതരെ ഉള്‍പ്പെടുത്തി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിക്കാനും കുടുംബശ്രീ തയ്യാറെടുക്കുകയാണ്.
ഹോര്‍ട്ടി കോര്‍പ്സ് ഓണച്ചന്തകള്‍ നടത്തും
ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്സ് എട്ട് ഓണച്ചന്തകളും ഒരു സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറും നടത്തുന്നു. സഞ്ചരിക്കുന്ന ഹോര്‍ട്ടിസ്റ്റോറിന്റെ ഉദ്ഘാടനം ഡയറക്ടര്‍ വിജയന്‍ ചെറുകര കല്‍പ്പറ്റയില്‍ ഫല്‍ഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക് അധ്യക്ഷനായിരുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിഷാബി, കല്‍പ്പറ്റ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ ശിവരാമന്‍, ഹോര്‍ട്ടകോര്‍പ്പ് ജില്ലാ മാനേജര്‍ സി.എം.ഈശ്വര പ്രസാദ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ്, ഹോര്‍ട്ടി കോര്‍പ്പ് അസിസ്റ്റന്റ് മാനേജര്‍ സിബി ചാക്കോ, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ജ്യോതി പി ബിനു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദുസാറ എബ്രഹാം എന്നിവര്‍ സംസാരിച്ചു.
സ്‌പോട്ട് അഡ്മിഷൻ
തലപ്പുഴ വയനാട് ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ എംടെക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്തംബര്‍ 14ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍, അസ്സല്‍ ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 11 നകം കോളേജില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecwyd.ac.in സന്ദര്‍ശിക്കാം. ഫോണ്‍ 04935 257320, 04935 257321.