മേപ്പാടി: ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് വയനാട് മേപ്പാടിയിൽ പ്രതിഷേധ റാലിയും ജനകീയ കൺവെൻഷനും സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി സാമൂഹ്യപ്രവർത്തകയും ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം കൺവീനറുമായ മേധ പട്കർ മേപ്പാടി ബസ്റ്റാൻഡിൽ വച്ച് നടന്ന ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. നേരിട്ടും അല്ലാതെയും ദുരിതബാധിതരായ മുഴുവൻ ആളുകളുടെയും കടങ്ങൾ നിരുപാധികം എഴുതിത്തള്ളണമെന്ന് അവർ ബാങ്കുകളോടും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെട്ടു.
നർമ്മദായിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ സമ്പൂർണ്ണ പുനരധിവാസമാണ് ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം എന്ന് അവർ അഭിപ്രായപ്പെട്ടു. ചൂരൽമല റിലീഫ് സെന്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ ജനകീയ ക്യാമ്പയിനിന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിന്റെ (NAPM) പേരിലും സ്വന്തം പേരിലും അവർ പരിപൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. രാവിലെ 7 മണിക്ക് തന്നെ മേധ പട്കറും ചൂരൽമല റിലീഫ് സെന്റർ സന്നദ്ധ പ്രവർത്തകരും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ചൂരൽ മലയിൽ വന്നുചേർന്ന സ്ത്രീ കൂട്ടായ്മയിലെ അംഗങ്ങളോട് സംസാരിച്ചു.
ഗ്രാമ പഞ്ചായത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയിൽ ചൂരൽമല മുണ്ടക്കൈ പ്രദേശത്തു നിന്നും ഉള്ള 300 അധികം ആളുകൾ പങ്കെടുത്തു. പ്രതിഷേധ റാലി മേപ്പാടി ബസ്സ്റ്റാൻഡിൽ എത്തിച്ചേർന്നതിന് ശേഷം നടന്ന പൊതുസമ്മേളനത്തിന് സംഘാടകസമിതി അംഗമായ ഷാജിമോൻ ചൂരൽമല സ്വാഗതം ആശംസിച്ചു. സംഘാടക സമിതി അംഗമായ നസീർ ആലക്കൽ ചടങ്ങിൽ അധ്യക്ഷനായി. കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ക്യാമ്പയിനിന് പരിപൂർണ്ണ പിന്തുണ നൽകുന്നുവെന്നും വിഷയം നിയമസഭയിൽ അതിശക്തമായി തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ചൂരൽമല മുണ്ടക്ക പ്രദേശത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ ദുരിതബാധിതരായ ജനങ്ങളുടെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച സഹായ ധനത്തിൽ നിന്ന് ലോണുകളുടെ ഇഎംഐ പിടിക്കുന്നത് ഒരുതരത്തിലും ശരിയായ നടപടി അല്ലെന്നും അത്തരം നടപടികളുമായി മുന്നോട്ടു പോവുകയാണെങ്കിൽ അതിശക്തമായ പ്രതിഷേധ പരിപാടികളുമായി ജനങ്ങളോടൊപ്പം തെരുവിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇക്കാര്യത്തിൽ ജനഹിതം മനസ്സിലാക്കിയുള്ള ഇടപെടൽ നടത്തണമെന്നും മുഴുവൻ കടങ്ങളും അടിയന്തരമായി നിരുപാധികം എഴുതിത്തള്ളണമെന്നും ആവർത്തിച്ച് ആവശ്യപ്പെട്ടു.
മേപ്പാടി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡണ്ട് രാധ രാമസ്വാമി കൺവെൻഷനിൽ പങ്കെടുത്ത് ഐക്യദാർഢ്യം അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ (സി പി ഐ ലോക്കൽ സെക്രട്ടറി, മേപ്പാടി), പി കെ മുരളീധരൻ (ബി എം എസ്), എൻ കെ സുകുമാരൻ (10- വാർഡ് മെമ്പർ) അജി എ എസ് (900 കണ്ടി ഡ്രൈവേഴ്‌സ് യൂണിയൻ) എന്നിവർ ജനകീയ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിച്ചു. ജനകീയമായി നടക്കുന്ന ഇത്തരം പ്രക്രിയകളിൽ എല്ലാ തരം അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ക്യാമ്പയിനിന് തങ്ങൾ നേതൃത്വം നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുഴുവൻ പിന്തുണയും ഉണ്ടായിരിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ചൂരൽ മലയിൽ നിന്നും ഉള്ള സംരംഭകയും സംഘാടക സമിതി അംഗവുമായ സബിത രവീന്ദ്രൻ ജനകീയ കൺവെൻഷനുമായി ബന്ധപ്പെട്ട നമ്മൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പ്രമേയം വായിക്കുകയും പങ്കെടുത്ത ആളുകളും അത് അംഗീകരിക്കുകയും കയ്യടിച്ചു പാസാക്കുകയും ചെയ്തു.
സംഘാടക സമിതി അംഗമായ രാജേന്ദ്രൻ ജനകീയ കൺവെൻഷനിൽ പങ്കെടുത്ത സംസാരിച്ച സഹകരിച്ച മുഴുവനാളുകൾക്കും നന്ദി പ്രകാശിപ്പിച്ചു. ചൂരൽമല റിലീഫ് സെന്റർ പ്രോഗ്രാം കൺവീനർ സി കെ രാജേഷ് കുമാർ, സാമൂഹ്യ പ്രവർത്തകരായ മജു വർഗീസ്, ശരത് ചേലൂർ, ഫസലുദ്ധീൻ, ജിതിൻ, ഷമീർ ചുള്ളിക്കൽ, മനു, സുനീഷ് മാധവൻ, വാഹിദ്, നിഷാദ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.