കൽപ്പറ്റ: കാർഷിക വിളകൾക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകർച്ചവ്യാധികൾക്കും കാരണമാകുന്ന ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിൽ കണ്ടെത്തി. പഞ്ചായത്തിലെ ഏഴാം വാർഡിൽ തുറവേലിക്കുന്ന് ക്രിസ്റ്റഫറിൻ്റെ കൃഷിയിടത്തിൽ നിന്നാണ് ഒച്ചിനെ കണ്ടെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞൻ ഡോ. പി കെ പ്രസാദൻ, സ്പെഷൽ ഓഫിസർ പൂക്കോട് സെന്റർ ഫോർ വൈൽഡ് ലൈഫ് സ്റ്റഡീസിലെ ഡോ.ജോർജ് ചാണ്ടി, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോഡിനേറ്റർ പി.ആർ. ശ്രീരാജ് എന്നിവരാണ് ഒച്ചുകളെ കണ്ടെത്തിയത്. ലോകത്തെ 100 അക്രമി ജീവിവർഗങ്ങളിൽപ്പെട്ട ഭീമൻ ആഫ്രിക്കൻ ഒച്ച് കാർഷിക ലോകത്തെയും, ജൈവവൈവിധ്യത്തെയും ബാധിക്കുന്നതാണ്. ദിവസങ്ങൾക്കുള്ളിൽ ഇവ മുട്ടയിട്ടു പെരുകുകയും ചെയ്യും.
2016 ൽ ചുള്ളിയോട് ആണ് വയനാട്ടിൽ ആദ്യമായി ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. മുട്ടകൾ രണ്ടാഴ്ചകൊണ്ട് വിരിയും. ആറു മാസംകൊണ്ട് പ്രായപൂർത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യും. ഒരു ആഫ്രിക്കൻ ഒച്ചിന്റെ രണ്ടു മുട്ടയിടലുകൾ തമ്മിലുള്ള ഇടവേള രണ്ട്-മൂന്ന് മാസമാണ്. അനുകൂല കാലാവസ്ഥയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ഒച്ച് നാലു പ്രാവശ്യമായി 1200 മുട്ടവരെ ഇടും. സന്ധ്യകഴിഞ്ഞാണ് ഒച്ചുകൾ തടങ്ങളിൽ നിന്ന് പുറത്തുവരുന്നത് പുലർച്ചെവരെ ചെടികൾ തിന്നുതീർക്കും. വാഴ, മഞ്ഞൾ, കൊക്കോ, കാപ്പി, കമുക്, ഓർക്കിഡ്, ആന്തൂറിയം, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവ നശിപ്പിക്കും.