മിഷൻ ഇന്ദ്രധനുഷ് 5.0: മൂന്നാം ഘട്ടം ഇന്ന് തുടങ്ങും

കൽപ്പറ്റ :സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം മിഷൻ ഇന്ദ്രധനുഷ് പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. പതിവ് പ്രതിരോധകുത്തിവെപ്പെടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുള്ളതോ ആയ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും രോഗ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ​ന്റ​ൻ​സി​ഫൈ​ഡ് മിഷൻ ഇന്ദ്രധനുഷ്-5.0.
ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ , പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി പ്രത്യേക കുത്തിവെപ്പ് സെഷനുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. യു-വിൻ പോർട്ടൽ വഴി ഓൺലൈനായി പ്രക്രിയകൾ പൂർത്തീകരിക്കുന്നതിനാൽ കുത്തിവെപ്പെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ കൂടി ഡൗൺ ലോഡ് ചെയ്തെടുക്കാം. ബിസിജി, ഒപിവി,ഐ, പി വി,റോട്ടാ വാക്സിൻ,എം ആർ ,ഡി പി ടി , ടി ഡി, പി സി വി , പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് നൽകുന്നത്. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന മാരക രോഗങ്ങളിൽനിന്ന്‌ കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുകയും ഒരാളെയും വിട്ടുപോകാതെ സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മിഷൻ ഇന്ദ്രധനുഷ് 5.0 യുടെ ആദ്യ രണ്ടു ഘട്ടങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ജില്ലയിലുണ്ടായത്. ആഗസ്ത് മാസം നടന്ന ഒന്നാം ഘട്ടത്തിൽ 105 ശതമാനവും സെപ്തംബറിൽ നടന്ന രണ്ടാം ഘട്ടത്തിൽ 101 ശതമാനവും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞു.ഏതെങ്കിലും കാരണവശാൽ കുത്തിവെപ്പെടുക്കാൻ കഴിയാതെ പോയ കുട്ടികളുടെ രക്ഷിതാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തി കുത്തിവെപ്പ് പൂർത്തീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് (ആരോഗ്യം) പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *