അര്‍ജുനായുള്ള മൂന്നാം ഘട്ട തെരച്ചില്‍; നാവികസേന മാര്‍ക്ക് ചെയ്ത് 4-ാം പോയന്‍റില്‍ ഇന്ന് പരിശോധന

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. നാവികസേന പുഴയില്‍ മാർക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയന്‍റിലാണ് ഇന്ന് തെരച്ചില്‍ നടത്തുക. ഡ്രഡ്ജർ ഈ പോയന്‍റിന് സമീപത്ത് നങ്കൂരമിട്ട് ക്യാമറ ഉപയോഗിച്ച്‌ അടിയിലെ ദൃശ്യം പകർത്തും. ഡ്രഡ്ജർ കമ്പനിയുടെ ഡൈവർമാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക. സ്വമേധയാ പുഴയില്‍ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്‍ധൻ ഈശ്വർ മാല്‍പെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്‍റില്‍ തന്നെ തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അർജുന്‍റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്‍റെ സഹോദരി അഞ്ജു ഇന്നും തെരച്ചില്‍ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വർ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച്‌ രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കർ ലോറിയുടെ ക്യാബിനും മുൻവശത്തെ ടയറുമാണ് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *