തിരുവനന്തപുരം: വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതി. ഇതു സംബന്ധിച്ച് സപ്ലൈകോ എംഡി എല്ലാ വില്‍പനശാലകള്‍ക്കും കത്തയച്ചു.2018ല്‍ ആണ് സപ്ലൈകോ ഗൃഹോപകരണ വിപണന രംഗത്തേക്കു കടന്നത്. കോവിഡ് വന്നതോടെ വില്‍പന കുറഞ്ഞു. പ്രധാന വില്‍പനശാലകള്‍ വഴി വിറ്റഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കമ്പനികളോട് ഗൃഹോപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഡിപ്പോ മാനേജര്‍മാരില്‍ നിന്നു സമ്മര്‍ദം വര്‍ധിച്ചതോടെ ഒക്ടോബര്‍ 5ന് ചേര്‍ന്ന സപ്ലൈകോയുടെ ബോര്‍ഡ് യോഗം ഡിസ്‌കൗണ്ട് വിറ്റഴിക്കലിനു തീരുമാനമെടുക്കുകയായിരുന്നു. സാങ്കേതികമായി മെച്ചപ്പെട്ട മോഡലുകള്‍ വിപണിയിലിറങ്ങിയതും വിലയില്‍ വന്ന മാറ്റങ്ങളും ചില ബ്രാന്‍ഡുകളോടുള്ള ഉപയോക്താക്കളുടെ താല്‍പര്യം കുറഞ്ഞതുമാണ് വില്‍പന കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍