തിരക്ക് നിയന്ത്രിക്കാന്‍ ഡൈനാമിക് ക്യൂ കണ്‍ട്രോള്‍ സംവിധാനം; മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ തുടക്കം. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.നാളെ വൈകീട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. ഡിസംബര്‍ 27 വരെ പൂജകള്‍ ഉണ്ടാകും. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി 10ന് നട അടയ്ക്കും. പിന്നെ മകരവിളക്ക് തീര്‍ഥാടനത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ആറ് ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്നത്. ശബരിമലയിലും പമ്പയിലും ശുചിത്വപ്രവര്‍ത്തനങ്ങള്‍ക്ക് നിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയര്‍ത്തി 550 ആക്കി. യാത്രാബത്ത 850ല്‍ നിന്ന് ആയിരം രൂപയുമാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ ഡൈനാമിക് ക്യൂ കണ്‍ട്രോള്‍ സംവിധാനം ഏര്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ വീഡിയോ വാളും സജ്ജമാക്കും. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂര്‍, കുമളി, ഏറ്റുമാനൂര്‍, പുനലൂര്‍ എന്നിവിടങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കെഎസ്ആര്‍ടിസിയുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകള്‍ ഇന്നു തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം, കുമളി, എരുമേലി, ചെങ്ങന്നൂര്‍, കൊട്ടാരക്കര, പമ്പ, പുനലൂര്‍, അടൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കായംകുളം ഡിപ്പോകളില്‍ നിന്നാണ് പമ്പയ്ക്കു പ്രധാനമായും സ്‌പെഷല്‍ സര്‍വീസ് നടത്തുക. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് 220 ബസുകള്‍ ഉണ്ടാകും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് ബസുകളില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *