ശബരിമല തീര്‍ത്ഥാടനം-കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണം -ടി സിദ്ധീഖ് എം എല്‍ എ

കല്‍പ്പറ്റ:ശബരിമല ഭക്തര്‍ക്ക് വയനാട്ടില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകളും, ബസ്സുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകറുമായും, ഓപ്പറേഷന്‍ മാനേജര്‍ പ്രദീപ്കുമാറുമായും കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ : ടി സിദ്ധിഖ് ചര്‍ച്ച നടത്തി. വയനാട്ടില്‍ നിന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന മിക്ക ആളുകളും കെഎസ്ആര്‍ടിസി ബസ്സുകളെയാണ് ആശ്രയിക്കുന്നത്. മറ്റു യാത്ര സൗകര്യങ്ങളില്ലാത്ത ജില്ല എന്ന നിലയില്‍ റോഡ് ഗതാഗതം മാത്രമാണ് ഏക ആശ്രയം. അതോടൊപ്പം തന്നെ ശബരിമലയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത് കെഎസ്ആര്‍ടിസി ബസുകളാണ്. നിലവില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ജില്ലയില്‍ നിന്നും വളരെ കുറവാണ്. അതിനാല്‍ തന്നെ ഭക്തര്‍ക്ക് ശബരിമലയിലേക്ക് യാത്ര ചെയ്യുന്നതിന് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം നിവേദനത്തില്‍ പറഞ്ഞു. അതോടൊപ്പം കല്‍പ്പറ്റ ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തിയിരുന്ന മുണ്ടക്കൈ-മെഡിക്കല്‍ കോളേജ്-കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നതിനു വേണ്ടി നിരവധി തവണ ആവശ്യപ്പെട്ടതാണ്. ഈ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചേരുന്നതിനും രാത്രി കോഴിക്കോട് നിന്ന് മുണ്ടകൈയിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ പ്രസ്തുത പ്രദേശത്തേക്ക് രാത്രി 7.30 കഴിഞ്ഞാല്‍ ഉണ്ടാകുന്ന യാത്ര ക്ലേശം പരിഹരിക്കാന്‍ കഴിയും. അത്‌കൊണ്ട് ഈ സര്‍വ്വീസുകള്‍ അടിയന്തിരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. ഭക്തര്‍ക്കക്ക് യാത്ര ചെയ്യുന്നതിന് സ്‌പെഷ്യല്‍ ബസ്സ് സര്‍വ്വീസുകള്‍ അനുവദിക്കാമെന്ന് കെ എസ് ആര്‍ ടി സി എം ഡി യും ഇ ഡി ഓപ്പറേഷന്‍സുമായുള്ള ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയാതായും എം എല്‍ എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *