ന്യൂഡല്‍ഹി: 2022ല്‍ രാജ്യത്ത് റോഡ് അപകടങ്ങളില്‍ 1.6 ലക്ഷം പേര്‍ക്ക് മരണം സംഭവിച്ചതായി കേന്ദ്രം ലോക്‌സഭയില്‍. മരിച്ചവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം പേര്‍ റോഡ് അപകടങ്ങളില്‍ മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.2021ല്‍ ഇത് 1,53,972 മരണം ആയിരുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. കോവിഡ് ബാധിച്ച 2020ല്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 1,38,383 ആയിരുന്നു. റോഡ് അപകടങ്ങളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. 2022ല്‍ 4,61,312 റോഡ് അപകടങ്ങളാണ് നടന്നത്. 2021ല്‍ ഇത് 4,12, 432 ആയിരുന്നു. 2020ല്‍ 3,72,181 അപകടങ്ങളാണ് നടന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.2022ല്‍ ഉത്തര്‍പ്രദേശില്‍ 22, 595 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്. തമിഴ്‌നാട് ആണ് തൊട്ടു പിന്നില്‍. 17,884 പേരാണ് മരിച്ചത്. മഹാരാഷ്ട്ര 15,224, മധ്യപ്രദേശ് 13,427, കര്‍ണാടക 11,702 എന്നിങ്ങനെയായിരുന്നു തമിഴ്‌നാടിന് പിന്നിലുള്ള മറ്റു സംസ്ഥാനങ്ങളുടെ കണക്ക്. മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍, ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കല്‍ തുടങ്ങി വിവിധ കാരണങ്ങളാണ് റോഡ് അപകടങ്ങള്‍ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.