അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയില്‍ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്തതിനാലാണ് തെരച്ചില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

അര്‍ജുനായുള്ള തെരച്ചില്‍ പന്ത്രണ്ടാം ദിവസത്തിലേക്ക് കിടക്കുമ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി തുടരുന്നത്.വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകള്‍ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്സിന്‍റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തില്‍ പുരോഗതിയില്ലാത്തത്.

മുങ്ങല്‍ വിദഗ്ധർക്കായി ഫ്ലോട്ടിങ് പ്രതലം ഉള്‍പ്പെടെ തയ്യാറാക്കാൻ ആലോചന ഉണ്ടെങ്കിലും നിലവില്‍ പുഴയിലെ സാഹചര്യം അതിന് അനുകൂലമല്ല. ഡ്രെഡ്ജിങ് യന്ത്രം ഗോവയില്‍ നിന്ന് കടല്‍ മാർഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലർട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തില്‍, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചകും ഡൈവിങ് സാധ്യതകള്‍ തേടുക.

നദിയുടെ നടുവിലുള്ള മണ്‍കൂനയോട് ചേർന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ്‌ റിയാസ് ഷിരൂരില്‍ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും.

Leave a Reply

Your email address will not be published. Required fields are marked *