ന്യൂഡല്‍ഹി: കലാപത്തില്‍ വെന്തുരുകുന്ന മണിപ്പൂരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30 തീയതികളിലാണ് സന്ദര്‍ശനം. മണിപ്പൂര്‍ കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുന്നതിനിടെ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മണിപ്പുര്‍ വിഷയം ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. മണിപ്പൂരില്‍ മെയ്തി, കുക്കി വിഭാഗങ്ങള്‍ പരസ്പരം പോരടിക്കുന്ന സാഹചര്യത്തില്‍ സംഘര്‍ഷത്തിന് അയവുവരുത്താനും കലാപത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് പ്രതീക്ഷ പകരാനും ശ്രമിക്കുകയെന്ന ദൗത്യവുമായാണ് രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക് തിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.