പാരീസ്: പാരീസ് ഒളിംപിക്സിലെ സ്വര്‍ണ നഷ്ടത്തിന് പിന്നാലെ ദീര്‍ഘകാലമായി അലട്ടുന്ന അടിവയറിലെ പരിക്കിന് ശസ്ത്രക്രിയ്ക്ക് വിധേയനാവാന്‍ തീരുമാനമെടുത്ത് ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര. ശസ്ത്രക്രിയക്ക് വിധേയനാവുന്നതിനൊപ്പം പുതിയ പരിശീലകനെ കണ്ടെത്താനും നീരജ് ശ്രമിക്കുന്നതായാണ് സൂചന. കഴിഞ്ഞ കുറെ മാസങ്ങളായി നീരജ് ചോപ്രയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായിരുന്നു അടിവയറിലെ വേദന. 2022ലെ ലോക ചാമ്പ്യൻഷിപ്പിനിടെയാണ് ആദ്യമായി വേദന അനുഭവപ്പെട്ടത്. വിശദ പരിശോധനയില്‍ ഹെര്‍ണിയ മൂലമാണിതെന്ന് കണ്ടെത്തിയെങ്കിലും ഒളിംപിക്സില്‍ പങ്കെടുക്കേണ്ടതിനാൽ നീരജ് ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
അതുമൂലം പരിശീലനത്തിലടക്കം നീരജിന് പലപ്പോഴും നിയന്ത്രണങ്ങള്‍ വെക്കേണ്ടിവന്നിരുന്നു. മിക്ക അന്താരാഷ്ട്ര താരങ്ങളും ഒരു സെഷനിൽ നാല്‍പതിലധികം തവണ എങ്കിലും ജാവലിന്‍ എറിയുമ്പോൾ രണ്ടോ മൂന്നോ ആഴ്ചയിലൊരിക്കൽ മാത്രമാണ് നീരജ് അത്തരമൊരു സെഷന് മുതിര്‍ന്നിരുന്നത്. ഫൈനലിലും പരിക്ക് തന്നെ മാനസികമായി വലച്ചിരുന്നുവെന്ന് നീരജ് പറഞ്ഞിരുന്നു. പരിക്കുണ്ടെങ്കില്‍ പിന്നീട് പകുതി ശ്രദ്ധ അതിനെക്കുറിച്ചാകുമെന്നും നീരജ് വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയ വേണമെന്ന് കഴിഞ്ഞ വർഷം തന്നെ ഡോക്ടർ നിർദേശിച്ചതേണെങ്കിലും ഒളിംപിക്സ് തയാറെടുപ്പുകളെ ബാധിക്കുമെന്ന ഭയം മൂലമാണ് വേണ്ടെന്ന് വച്ചതെന്നും എന്നാലിപ്പോള്‍ ആ നിര്‍ണായക തീരുമാനമെടുക്കാന്‍ സമയമായെന്നും നീരജ് പറഞ്ഞു .
ഒളിംപിക്സിലെ മത്സരം അവസാനിച്ചതോടെ ഇനി വൈകിക്കേണ്ടെന്നാണ് നീരജിന്‍റെ തീരുമാനം. മുംബൈയിലോ യൂറോപ്പിലോ വിദഗ്ധ പരിശോധന നടത്തിയതിനു ശേഷം അന്തിമ തീരുമാനം എടുക്കും. അതേസമയം പരിശീലക സംഘത്തിലും അഴിച്ചുപണിക്ക് ഒരുങ്ങുകകയാണ് നീരജ്. 2019 മുതൽ ഇന്ത്യൻ തരത്തിനൊപ്പമുള്ള ജർമൻ പരിശീലകനായ ഡോ. ക്ലൗസ് ബാര്‍ട്ടോനൈറ്റ്സ് പൂർണസമയ ചുമതലയിൽ തുടരനില്ലെന്ന് അറിയിച്ചിട്ടുണ്ട്. 75 കാരനായ ക്ലൗസുമായി പാരിസ് ഒളിംപിക്സ് വരെയാണ് അത്‌ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് കരാര്‍ ഉണ്ടായിരുന്നത്.