റീ ബില്‍ഡ് വയനാട് പദ്ധതിയുടെ ഭാഗമായി വെള്ളാർമല ഗവൺമെൻറ് വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികള്‍ക്ക് കൈമാറുന്നതിനായി മലപ്പുറം ജില്ലയിലെ സ്കൂളുകളില്‍ നിന്നും തയ്യാറാക്കിയ പഠന കിറ്റ് തിങ്കളാഴ്ച കൈമാറും.
പഠന കിറ്റ് വഹിച്ചുള്ള വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് രാവിലെ 11ന് മലപ്പുറം കോട്ടപ്പടിയിലെ ഡി ഡി ഇ ഓഫീസ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിക്കും. ആഗസ്റ്റ് ആറിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയില്‍ കല്പറ്റയില്‍ നടന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ റി ബില്‍ഡ് വയനാട് യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് കിറ്റ് തയ്യാറാക്കിയത്.
ഉരുള്‍പൊട്ടലില്‍ വെള്ളാർമല സ്കൂളിലെ 600 കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ നഷ്ടമായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഈ കുട്ടികള്‍ക്ക് മലപ്പുറം ജില്ലയില്‍ നിന്ന് കിറ്റുകള്‍ എത്തിച്ചു നല്‍കാൻ യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ ഓരോ ഹൈസ്കൂളില്‍ നിന്നും പരമാവധി മൂന്ന് കിറ്റുകള്‍ നല്‍കാനായിരുന്നു ധാരണ. സ്കൂളുകളില്‍ നിന്നും ശേഖരിക്കുന്ന കിറ്റുകള്‍ മലപ്പുറത്തെ ഡിഡിഇ ഓഫീസില്‍ എത്തിച്ച് അവിടെനിന്നും ഇവ ഒരുമിച്ച് വയനാട്ടില്‍ എത്തിക്കാൻ ആയിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ നാലു വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 668 കിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇവ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ എത്തിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. ബാഗ്, ഇൻസ്ട്രുമെന്‍റ് ബോക്സ്, കുട, 10 നോട്ട് ബുക്കുകള്‍, സ്റ്റീല്‍ വാട്ടർ ബോട്ടില്‍, സ്റ്റീല്‍ പ്ലേറ്റ്, സ്റ്റീല്‍ ഗ്ലാസ്, രണ്ടു പെൻസിലുകള്‍, രണ്ടു പേന, കളർ ക്രയോണ്‍സ് എന്നിവയാണ് ഓരോ കിറ്റിലും അടങ്ങിയിട്ടുള്ളത്.