ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും കണ്ടെത്തുന്നതിനായി നിലമ്പൂരിലെ ഉള്‍വനത്തില്‍ നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഉള്‍വനത്തില്‍ ഒറ്റയ്ക്ക് പോവുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നതിനാലാണ് ഈ നിയന്ത്രണം. ഉള്‍വനത്തിലെ ഏതെങ്കിലും ഭാഗങ്ങളില്‍ തിരച്ചില്‍ വേണമെന്നുണ്ടെങ്കില്‍ അക്കാര്യം ജില്ലാ ഭരണ കൂടത്തെ അറിയിക്കണം. തുടര്‍ന്ന് ദൗത്യസേനാംഗങ്ങളുടെ അകമ്പടിയോടെ ഇവിടങ്ങളില്‍ തിരച്ചില്‍ നടത്താം.
ഉദ്യോഗസ്ഥരെ അറിയിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് പോയ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍വനത്തില്‍ വഴിയറിയാതെ കുടുങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്. മൊബൈല്‍ ഫോണിന് സിഗ്നല്‍ പോലുമില്ലാത്ത ഉള്‍വനത്തില്‍ അകപ്പെട്ടാല്‍ പുറംലോകം അറിയണമെന്നില്ല. എയര്‍ ലിഫ്റ്റിങ് പോലും അസാധ്യമായേക്കാം. കൂടാതെ ആഗസ്റ്റ് 30 വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനത്തിലും തിരച്ചിലിലും സന്നദ്ധ പ്രവര്‍ത്തകര്‍ കാണിക്കുന്ന താല്‍പര്യവും പിന്തുണയും അഭിനന്ദനാര്‍ഹമാണ്. 5403 സന്നദ്ധ പ്രവര്‍ത്തകര്‍ ഇതു വരെ രക്ഷാപ്രവര്‍ത്തനത്തിലും തിരിച്ചിലിലും പങ്കാളികളായി എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ഡി.എഫ്.ഒ മാരായ പി. കാര്‍ത്തിക് (നിലമ്പൂര്‍ നോര്‍ത്ത്), ധനിക് ലാല്‍ (നിലമ്പൂര്‍ സൗത്ത്), അസി. കളക്ടര്‍ വി.എം ആര്യ, എ.ഡി.എം കെ. മണികണ്ഠന്‍, വിവിധ സേനാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.