കാണാതായവര്‍ക്കുള്ള തെരച്ചിൽ; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും ഒട്ടേറെ പേര്‍ പ്രദേശത്ത് എത്തിയിരുന്നു. സേനാവിഭാഗങ്ങള്‍ക്കൊപ്പം സന്നദ്ധ പ്രവര്‍ത്തകരും തെരച്ചിലിന്റെ ഭാഗമായി. വനത്തിനുള്ളിലൂടെയുള്ള തെരച്ചിലിന് പ്രദേശം പരിചയമില്ലാത്ത സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.

ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരിന്നു നിലമ്പൂര്‍ മേഖലയില്‍ തെരച്ചില്‍ നടന്നത്. ഉള്‍വനത്തിലെ പാറയുടെ അരികുകള്‍ ചേര്‍ന്നും പരിശോധന നടത്തി. മുണ്ടേരി ഫാം പരപ്പന്‍പാറ, പനങ്കയം പൂക്കോട്ടുമണ്ണ, പൂക്കോട്ടുമണ്ണ ചാലിയാര്‍ മുക്ക്, ഇരുട്ടുകുത്തി കുമ്പളപ്പാറ, കുമ്പളപ്പാറ പരപ്പന്‍പാറ തുടങ്ങി അഞ്ച് സെക്ടറുകളാക്കിയാണ് ഇവിടെ തെരച്ചില്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *